'ആർഎസ്എസ് രാജ്യത്തെ ഭിന്നിപ്പിക്കുന്നു'; കോൺഗ്രസ് മഹാസംഗമത്തിൽ രാഹുൽ ഗാന്ധി
മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും മോദി സർക്കാർ ആക്രമിക്കുകയാണെന്നും രാഹുൽ
ന്യൂഡൽഹി: ആർഎസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ബിജെപി അധികാരത്തിലെത്തിയതു മുതൽ രാജ്യത്ത് വിദ്വേഷം വളർന്നുവെന്നും രാജ്യത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും കോൺഗ്രസ് മഹാസംഗമത്തിൽ രാഹുൽ പറഞ്ഞു.
"ബിജെപി അധികാരത്തിലെത്തിയത് മുതൽ രാജ്യത്ത് വിദ്വേഷം വളർന്നു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രണ്ട് ഘടകങ്ങളാണ് ആർഎസ്എസും ബിജെപിയും. മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളെയും മോദി സർക്കാർ ആക്രമിക്കുകയാണ്. സിബിഐ,ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നു. എത്ര വർഷം വേണമെങ്കിലും ഇ.ഡി ചോദ്യം ചെയ്യട്ടെ,താൻ ഭയപ്പെടില്ല. വ്യവസായികൾ 24 മണിക്കൂറും നരേന്ദ്രമോദിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. രണ്ട് വ്യവസായികളുടെ പിന്തുണയില്ലാതെ മോദിക്ക് ഇനി പ്രധാനമന്ത്രിയാകാനാവില്ല. റോഡും വിമാനത്താവളങ്ങളും ഓരോന്നായി പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ ഈ വ്യവസായികൾ വാങ്ങിക്കൂട്ടുകയാണ്. ഇവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നു. രാജ്യത്തെ പിന്നോട്ടടിക്കുകയാണ് നരേന്ദ്രമോദി. വെറുപ്പും വിദ്വേഷവും പടർത്തി ആളുകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നു,പാകിസ്താനും ചൈനയും അതിന്റെ നേട്ടം കൊയ്യുന്നു. പ്രതിപക്ഷത്തെ പാർലമെന്റിൽ സംസാരിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. മാധ്യമങ്ങളാകട്ടെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്". രാഹുൽ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് പേരാണ് ഡൽഹി രാം ലീല മൈതാനത്ത് നടക്കുന്ന സംഗമത്തിലെത്തിയിരിക്കുന്നത്. വിലക്കയറ്റത്തിനെതിരായി സംസ്ഥാന-ജില്ലാ-ബ്ലോക്ക് തലങ്ങളിൽ ആഗസ്റ്റ് 17 മുതൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ സമാപനം കൂടിയാണ് ഇന്നത്തെ മഹാറാലി.ഈ മാസം ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന ഭാരത് ജോഡോ യാത്രയിലൂടെ തെരുവിലിറങ്ങാൻ റാലിയിൽ ആളുകളോട് രാഹുൽ ആഹ്വാനം ചെയ്തു
Adjust Story Font
16