Quantcast

ഭാരത് ജോഡോക്ക് സംഭാവന ചോദിച്ച് ആക്രമണം; കോൺഗ്രസ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു

കൊല്ലം കുന്നിക്കോട്ട് പച്ചക്കറി വ്യാപാരിയായ അനസിന്റെ കടയിലായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ അതിക്രമം

MediaOne Logo

Web Desk

  • Updated:

    2022-09-16 06:49:29.0

Published:

16 Sep 2022 6:42 AM GMT

ഭാരത് ജോഡോക്ക് സംഭാവന ചോദിച്ച് ആക്രമണം; കോൺഗ്രസ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു
X

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു സംഭാവന നൽകിയില്ലെന്നു പറഞ്ഞ് കടയിൽ കയറി ആക്രമിച്ച പരാതിയിൽ നടപടിയുമായി കോണ്‍ഗ്രസ്. നിർബന്ധിത പണപ്പിരിവ് നടത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഡി.സി.സി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ എന്നിവര്‍ക്കെതിരെയാണ് നടപടി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പാർട്ടി പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്നവരല്ല ഇവരെന്ന് സുധാകരൻ പറഞ്ഞു. നീതീകരിക്കാൻ പറ്റാത്തതാണ് ഇവര്‍ ചെയ്തത്. കോർപറേറ്റ് ഫണ്ടുകൾ കൈപ്പറ്റുന്ന മറ്റു പാർട്ടികളിൽനിന്ന് വ്യത്യസ്തമായി പാർട്ടി സ്വയം സന്നദ്ധമായി ചെറിയ സംഭാവനകൾ പിരിക്കുകയാണ് ചെയ്യുന്നതെന്നും ട്വീറ്റിൽ സുധാകരൻ കുറിച്ചു.

ഇന്നലെ വൈകീട്ടാണ് കൊല്ലം കുന്നിക്കോട്ട് പച്ചക്കറി വ്യാപാരിയായ അനസിന്റെ കട പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചത്. കൊല്ലത്തെ യാത്രയുമായി ബന്ധപ്പെട്ടാണ് സംഭാവന പിരിക്കാനായി നേതാക്കൾ കടയിലെത്തിയത്. രണ്ടായിരം രൂപയുടെ രസീത് നൽകിയപ്പോൾ 500 രൂപ മാത്രമേ നൽകാനാകൂവെന്ന് കടയുടമ പറഞ്ഞതോടെയായിരുന്നു അക്രമം.

2,000 രൂപ തന്നെ നൽകണമെന്ന് നേതാക്കൾ നിർബന്ധം പിടിക്കുകയായിരുന്നു. ഇതോടെ വാക്കുതർക്കമായി. ഇതിനിടയിലാണ് കടയിലുണ്ടായിരുന്ന പച്ചക്കറി സാധനങ്ങൾ വലിച്ചെറിയുകയും ത്രാസ് അടക്കമുള്ള ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തത്. സംഭവത്തിൽ കടയുടമ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Summary: Three Congress leaders suspended after attacking shop asking donation for Rahul Gandhi's Bharat Jodo Yatra

TAGS :

Next Story