Quantcast

'രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാനെത്തിയ എസ്.എഫ്.ഐക്കാരെ പൊലീസ് പുറത്തുതട്ടി പ്രോത്സാഹിപ്പിച്ചു'- സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് ടി. സിദ്ദിഖ്

പൊലീസ് വന്ന് ചിത്രങ്ങൾ എടുത്ത ശേഷവും എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിൽ ആക്രമണം നടത്തിയെന്നും ടി. സിദ്ദിഖ്

MediaOne Logo

Web Desk

  • Updated:

    2022-07-04 09:22:20.0

Published:

4 July 2022 9:20 AM GMT

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാനെത്തിയ എസ്.എഫ്.ഐക്കാരെ പൊലീസ് പുറത്തുതട്ടി പ്രോത്സാഹിപ്പിച്ചു- സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് ടി. സിദ്ദിഖ്
X

കൽപറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ടി. സിദ്ദിഖ് എം.എൽ.എ. ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കാൻ പറഞ്ഞുവിട്ടെന്ന് സിദ്ദിഖ് ആരോപിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ പൊലീസ് ഓഫീസിലെത്തി ചിത്രങ്ങൾ പകർത്തിയ ശേഷവും എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിൽ ആക്രമണം നടത്തിയതായും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്കിലാണ് എസ്.എഫ്.ഐ പ്രവർത്തകനെ പൊലീസ് ആക്രമണത്തിന് പ്രോത്സാപിപ്പിക്കുന്ന തരത്തിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ടി. സിദ്ദിഖ് പുറത്തുവിട്ടത്. ''പൊലീസ് വന്ന് ചിത്രങ്ങൾ എടുത്ത ശേഷവും എസ്.എഫ്.ഐ ഗുണ്ടകൾ രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിൽ ആക്രമണം നടത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ എസ്.എഫ്.ഐക്കാരനെ പുറത്തുതട്ടി പ്രോത്സാഹിപ്പിച്ച് ഓഫീസിനകത്തേക്കു പറഞ്ഞുവിടുന്ന കേരളാ പൊലീസ്.''-വിഡിയോയുടെ അടിക്കുറിപ്പായി സിദ്ദിഖ് കുറിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമാണെന്ന് നേരത്തെ പുറത്തുവന്ന പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗാന്ധിചിത്രം ആദ്യം നിലത്തുവീണത് കമഴ്ന്ന നിലയിലായിരുന്നു. കസേരയിൽ വാഴവച്ച ശേഷവും ചുമരിൽ ഗാന്ധിചിത്രം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് തെളിവായി സമർപ്പിച്ച ഫോട്ടോകൾ മീഡിയവണിന് ലഭിച്ചിട്ടുണ്ട്.

ആഭ്യന്തര സെക്രട്ടറിക്കാണ് എ.ഡി.ജി.പി മനോജ് എബ്രഹാം ഇതുസംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എസ്.എഫ്.ഐ പ്രവർത്തകരുട ആക്രമണം നടക്കുമ്പോൾ മഹാത്മ ഗാന്ധിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ചില മാധ്യമങ്ങൾ ദൃശ്യങ്ങൾ എടുക്കുമ്പോഴും ചുമരിലുണ്ടായിരുന്നുവെന്നും ഇതിനുശേഷമാണ് ചിത്രം താഴെ കാണപ്പെട്ടതെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇതിനെ സാധൂകരിക്കുന്ന ചിത്രങ്ങളും എ.ഡി.ജി.പി നൽകിയ റിപ്പോർട്ടിലുണ്ട്.

പൊലീസ് വന്ന് ചിത്രങ്ങൾ എടുത്ത ശേഷവും എസ്എഫ്ഐ ഗുണ്ടകൾ ശ്രീ.രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിൽ അക്രമം നടത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ എസ് എഫ് ഐക്കാരനെ പുറത്തു തട്ടി പ്രോത്സാഹിപ്പിച്ച് ഓഫീസിനകത്തേക്കു പറഞ്ഞു വിടുന്ന കേരളാ പോലീസ്.

Posted by T Siddique on Monday, July 4, 2022

എന്നാൽ, പൊലീസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ തിരക്കഥയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ആരോപിച്ചു. എസ്.എഫ്.ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുമ്പോൾ തോളത്ത് തട്ടി അഭിനന്ദിച്ച പൊലീസാണ് റിപ്പോർട്ട് തയാറാക്കിയതെന്നും കെ.സി വേണുഗോപാൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തയാറാക്കിയ കഥയ്ക്കുള്ള തിരക്കഥയാണ് പൊലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ടും കേരളം തള്ളും. രാഹുൽ ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നു പറയാത്തത് ഭാഗ്യമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Summary: 'Police encouraged the SFI activist to attack Rahul Gandhi's office in Wayanad', T. Siddique alleges releasing CCTV footage

TAGS :

Next Story