Quantcast

രാഹുലിനെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി; സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-01-09 05:37:39.0

Published:

9 Jan 2024 5:34 AM GMT

Youth Congress state president Rahul Mamkootathil was taken to Thiruvananthapuram Cantonment Police Station and arrested, Rahul Mamkootathil arrested at Cantonment police station
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് ചെയ്തു. കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിക്ക് വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കും

സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണു നടപടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്നു പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

നന്ദാവനം എ.ആർ ക്യാംപിനു മുന്നിൽ നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ഇതോടെയാണ് നേരിട്ട് കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ചത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തി ജനറൽ ആശുപത്രിലേക്കു കൊണ്ടുപോയി. ഇവിടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. കോടതിയിലെത്തിച്ച് റിമാൻഡിൽ വിടുമെന്നാണു സൂചന.

ഡിസംബര്‍ 20നു നടന്ന യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിലാണു നടപടി. മാർച്ച് അക്രമാസക്തമായതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ അഞ്ഞൂറോളം പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്.

രാഹുലിന്റെ കസ്റ്റഡിയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ്. 11 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ ഉൾപ്പെടെയുള്ള നേതാക്കളെല്ലാം അറസ്റ്റിനെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഉപരോധം.

രാഹുലിന്റെ അറസ്റ്റ് കിരാത നടപടിയാണെന്ന് കെ. സുധാകരൻ പ്രതികരിച്ചു. സർ സി.പിയെ പോലും ലജ്ജിപ്പിക്കുന്ന നടപടിയാണ് ഉണ്ടായത്. സ്തുതിപാടകരാൽ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയത് പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുലിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കും. ഭരണപരാജയം മറക്കാനാണ് ഈ അറസ്റ്റ്. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ നടക്കുന്ന പൊലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. എന്ത് കുറ്റത്തിന്റെ പേരിലാണ് ഒരു ഭീകരവാദിയെ പിടിച്ചുകൊണ്ടുപോകുന്നതുപോലെ രാഹുലിനെ കൊണ്ടുപോകാൻ പിണറായി ഉത്തരവിടുന്നത്. എല്ലാത്തിന്റെയും സീമകൾ ലംഘിക്കുന്നതാണ് പൊലീസ് നടപടിയെന്നും കെ.സി വേണുഗോപാൽ വിമർശിച്ചു.

പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു കേസിൽ ചുമത്തിയിട്ടുള്ളത്. ഇതിലാണിപ്പോൾ അപ്രതീക്ഷിതമായ കസ്റ്റഡി നടപടിയുണ്ടാകുന്നത്. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്‌തേക്കും. ഇന്ന് അതിരാവിലെ തന്നെ വീട്ടിലെത്തിയിരുന്നു. ഇതിനുശേഷം ഏറെനേരം ചോദ്യംചെയ്ത ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

നവകേരള സദസ്സിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. അക്രമാസക്തമായ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇതിൽ രാഹുൽ മാങ്കൂട്ടത്തിലിനും സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കും ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. വനിതാ പൊലീസ് ഇൻസ്‌പെക്ടർക്കും പരിക്കേറ്റു. പിങ്ക് പൊലീസ് വാഹനം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

Summary: Youth Congress state president Rahul Mamkootathil was taken to Thiruvananthapuram Cantonment Police Station and arrested

TAGS :

Next Story