Quantcast

'തെരഞ്ഞെടുപ്പ് കഴിയുംവരെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകേണ്ട'; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

പൊലീസ് റിപ്പോർട്ട് തള്ളിയാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്

MediaOne Logo

Web Desk

  • Updated:

    2024-10-24 14:07:09.0

Published:

24 Oct 2024 12:16 PM GMT

Rahul Mamkoottathil granted relaxation in bail condition until after the elections in  assembly march case, Palakkad by-election 2024
X

തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി കോടതി. തെരഞ്ഞെടുപ്പ് കഴിയുംവരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. നിയമസഭാ മാർച്ചിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

നവംബർ 13 വരെയാണ് എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകിയത്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. രാഹുലിന് ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു തിരുവനന്തപുരം മ്യൂസിയം പൊലീസ് വാദിച്ചത്. രണ്ടാഴ്ച മുന്‍പാണ് കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് അടക്കമുള്ള പ്രതിപക്ഷ യുവജന സംഘടനാ നേതാക്കൾക്ക് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ഇരുവരുമടക്കം 37 പേരാണ് കേസിൽ അറസ്റ്റിലായിരുന്നത്. ഒരാഴ്ചയ്ക്കു ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.

എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാവണം എന്ന വ്യവസ്ഥയിലായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, പാലക്കാട്ടെ സ്ഥാനാർഥിയായ പശ്ചാത്തലത്തിൽ ഈ വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിക്കുകയായിരുന്നു. രാഹുലിന്‍റെ അപേക്ഷയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണു ജാമ്യവ്യവസ്ഥയില്‍ ഇളവ് ചെയ്യരുതെന്ന ആവശ്യവുമായി പൊലീസ് റിപ്പോർട്ട് സമര്‍പ്പിച്ചത്. രാഹുൽ കുറ്റകൃത്യം ആവർത്തിക്കുകയാണ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാസങ്ങൾക്കു മുമ്പ് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലും രാഹുൽ സമാന കുറ്റകൃത്യം ചെയ്തിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.

നിയമസഭാ മാർച്ചിലും കുറ്റകൃത്യം ചെയ്തിരിക്കുന്നതായും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകാനിടയാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ വിശദമാക്കുന്നു. നിയമസഭാ മാർച്ചുമായി ബന്ധപ്പെട്ട് 50,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് രാഹുലും ഫിറോസുമടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.

Summary: Rahul Mamkoottathil granted relaxation in bail condition in assembly march case

TAGS :

Next Story