രാഹുലിന്റെ ഓഫീസ് തകർത്തത് മുഖ്യമന്ത്രിയുടെ അറിവോടെ, ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം: വി.ഡി സതീശൻ
''ബഫർ സോണിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത എസ്.എഫ്.ഐക്കാർ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്''
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമമമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എസ്.എഫ്.ഐ മാർച്ച് നടത്തേണ്ടത് പിണറായിയുടെ ഓഫീസിലേക്കാണെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. ക്രിമിനലുകളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ തുടൽ ഇട്ട് പൂട്ടണമെന്നും ദേശീയ തലത്തിൽ പ്രതിഷേധം ഉയർന്നപ്പോഴാണ് സിപിഎം നേതാക്കൾ അക്രമത്തെ തള്ളി പറഞ്ഞതെന്നും വി.ഡി സതീശൻ പറഞ്ഞു.
'പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയർന്ന നാണംകെട്ട ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ദൂരം ബഫർ സോൺ ആക്കണമെന്ന് 2019 ഒക്ടോബർ 23ന് സംസ്ഥാന മന്ത്രിസഭയുടെ ശിപാർശയുണ്ട്. ബഫർ സോണിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത എസ്.എഫ്.ഐക്കാർ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫർ സോണിൽ യാഥാർത്ഥത്തിൽ കുറ്റവാളികളായി നിൽക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുൽ ഗാന്ധിയെ ശക്തമായി എതിർക്കുന്നുവെന്ന് സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടത്' വി.ഡി സതീശൻ വാർത്താകുറിപ്പിൽ ആരോപിച്ചു.
വിമാനത്തിൽ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ്, രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അക്രമികളെ പറഞ്ഞുവിട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംസ്ഥാനത്ത് കലാപ ആഹ്വാനമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ജനാധിപത്യ മര്യാദകളുടെ അങ്ങേയറ്റത്തെ ലംഘനമാണ്. സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സർക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനൽ സംഘങ്ങളും കോൺഗ്രസ് നേതാക്കൾക്കും പാർട്ടി ഓഫീസുകൾക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുക തന്നെ ചെയ്യും - വി.ഡി സതീശൻ പറഞ്ഞു.
Rahul's office Attacked with the knowledge of Chief Minister Pinarayi Vijayan : VD Satheesan
Adjust Story Font
16