ഡിപിആര്‍ അപൂര്‍ണം; സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രം
ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു
സിൽവർ ലൈന് തത്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനം സമർപ്പിച്ച ഡിപിആർ അപൂർണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രതിപക്ഷ എംപിമാരുടെ ചോദ്യത്തിന് രേഖാമൂലമാണ് കേന്ദ്രം പാർലമെന്റിൽ മറുപടി നൽകിയത്. തങ്ങളുടെ വിമർശനങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. എന്നാൽ പദ്ധതി പൂർണമായി തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഡിപിആറിൽ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതിക്ക് താത്കാലികമായി അനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നത്. വലിയ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുമില്ല. സാമൂഹികാഘാത പഠനത്തിനുള്ള നടപടികൾ മാത്രമാണ് സർക്കാർ ആരംഭിച്ചതെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാർലമെന്റിനെ രേഖാമൂലം അറിയിച്ചു.
'സാങ്കേതികമായ പ്രായോഗികതയ്ക്ക് ആവശ്യമായ വിശദാംശങ്ങൾ ഡിപിആറിൽ ലഭ്യമല്ല. അലൈൻമെന്റ് പ്ലാൻ, റെയിൽവേ-സ്വകാര്യ ഭൂമികളെ കുറിച്ചുള്ള വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃഖലയ്ക്ക് മുകളിലുള്ള ക്രോസോവർ തുടങ്ങിയവയിൽ പൂർണ വിവരങ്ങൾ ആവശ്യമാണ്. സാങ്കേതിക മാനദണ്ഡങ്ങൾ പൂർത്തീകരിച്ച ശേഷം സാമ്പത്തിക ക്ഷമതയും പരിശോധിക്കപ്പെടേണ്ടതുണ്ട്'- മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
പദ്ധതിയുടെ അലൈൻമെന്റും ഏറ്റെടുക്കേണ്ട റെയിൽവേ- സ്വകാര്യ ഭൂമിയുടെ കണക്കും ഉൾപ്പെടെ വിശദമായ വിവരങ്ങൾ റെയിൽവെക്ക് സമർപ്പിച്ചാൽ മാത്രമേ അനുമതി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും കേന്ദ്രം സമർപ്പിച്ച മറുപടിയിൽ പറയുന്നു. സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സർക്കാർ നിർത്തിവെയ്ക്കണമെന്ന് പാർലമെന്റിൽ ചോദ്യം ഉന്നയിച്ച എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തെളിയിക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
എന്നാൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
കാസർകോട് മുതൽ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയാണ് സിൽവർ ലൈൻ പദ്ധതി. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും. അങ്ങനെ വന്നാൽ നാല് മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താം.
Adjust Story Font
16