'ബ്രോഡ് ഗേജിൽ വേണമെന്നത് നയം, വിലപേശൽ നടക്കില്ല'; സിൽവർ ലൈനിൽ നിലപാട് കടുപ്പിച്ച് റെയിൽവേ
ഇതുസംബന്ധിച്ച കെ റെയിൽ - ദക്ഷിണ റെയിൽവേ അവസാന വട്ട ചർച്ചയുടെ മിനുട്സ് മീഡിയ വണിന് ലഭിച്ചു

തിരുവനന്തപുരം: സിൽവർ ലൈനിൽ സ്റ്റാൻഡേഡ് ഗേജ് അനുവദിക്കില്ലെന്ന നിലപാട് തുടർന്ന് റെയിൽവേ. ഇക്കാര്യത്തിൽ വിലപേശൽ നടക്കില്ലെന്ന് കെ റെയിലുമായി നടത്തിയ അവസാന വട്ട ചർച്ചയിൽ ദക്ഷിണ റെയിൽ വേ തുറന്നടിച്ചു. തത്വത്തിൽ നൽകിയ അനുമതി പിൻവലിക്കാൻ കഴിയുമെന്ന ഭീഷണിയും ദക്ഷിണ റെയിൽവേ മുഴക്കി. മിനുട്സിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
കേന്ദ്ര റെയിൽവേ ബോർഡിൻ്റെ നിർദേശ പ്രകാരമായിരുന്നു കെ-റെയിൽ ദക്ഷിണ റെയിൽവേ ചർച്ച. യോഗത്തിൽ പങ്കെടുത്ത ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എടുത്ത നിലപാട് സിൽവർ ലൈൻ പദ്ധതിയുടെ അടിസ്ഥാന ആശയത്തെ തന്നെ തള്ളുന്നതാണ്. സ്റ്റാൻഡേർഡ് ഗേജ് നടക്കില്ല. ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള ട്രാക്ക് മാത്രമേ സ്റ്റാൻഡേഡ് ഗേജിൽ അനുവദിക്കുകയുള്ളുവെന്നാണ് നയം. അതിനാൽ വിലപേശൽ വേണ്ടെന്നായിരുന്നു യോഗത്തിലെ ദക്ഷിണ റെയിൽവേ നിലപാട്. പദ്ധതിക്ക് സ്റ്റാൻഡേഡ് ഗേജിൽ റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയതാണെന്ന് കെ- റെയിൽ വാദിച്ചു. തത്വത്തിൽ അനുമതി നൽകിയവർക്ക് തന്നെ ഭേദഗതി വരുത്താമെന്നായിരുന്നു ഇതിനുള്ള മറുപടി.
കേന്ദ്ര സർക്കാരിന് അമ്പത് ശതമാനം പങ്കാളിത്തമുള്ള കെ-റെയിലിന് സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും റെയിൽവേ ഓർമ്മിപ്പിച്ചു. 180 കിലോ മീറ്ററിലധികം വേഗത അനുവദിക്കില്ലെന്ന് റെയിൽവേ സുരക്ഷ കമ്മീഷണർ നേരത്തെ തന്നെ അറിയിച്ചതും ദക്ഷിണ റെയിൽവേ യോഗത്തിൽ ചൂണ്ടിക്കാട്ടി. വേഗം ചുരുക്കാനാവില്ലെന്ന കെ-റെയിൽവാദവും ദക്ഷിണ റെയിൽവേ അംഗീകരിച്ചില്ല. ഈ തർക്കത്തിന് പിന്നാലെയാണ് അലൈൻമെൻ്റ് മാറ്റാമെന്നതടക്കമുള്ള നിർദേശങ്ങളുമായി കെ-റെയിൽ റെയിൽവേ മന്ത്രാലയത്തെ സമീപിച്ചത്.
Adjust Story Font
16