സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഞായറാഴ്ച എട്ട് ജില്ലകളിലും തിങ്കളാഴ്ച ഒൻപത് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്ക് തമിഴ്നാടിനു മുകളിൽ നിലനിൽക്കുന്നു. ഇവയുടെ സ്വാധീന ഫലമായാണ് മഴ. അതേസമയം, കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Adjust Story Font
16