കാറ്റോടുകൂടിയ മഴ തുടരും; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
'നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം'
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കാറ്റോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ നാളെ ഇടുക്കി, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കാറ്റ് മൂലമുള്ള അപകടങ്ങളെ കരുതിയിരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ. കുറ്റ്യാടി, മൂഴിയാർ. പൊന്മുടി തുടങ്ങിയ വൈദ്യുതി അണക്കെട്ടുകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. പെരിങ്ങൽക്കുത്ത് അണക്കെട്ട്, മീങ്കര ജലസേചന അണക്കെട്ട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
നെയ്യാർ, മംഗലം ജലസേചന അണക്കെട്ടുകളിൽ ബ്ലൂ അലെർട്ടാണ് പ്രഖ്യാപിച്ചത്. മലങ്കര, ശിരുവാണി, കുറ്റ്യാടി, കല്ലട, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാർ, ഭൂതത്താൻകെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളിൽ നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. അതിനാല്‍ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.75 അടിയിലെത്തി നിൽക്കുകയാണ്. മഴയെ തുടർന്ന് താങ്ങാവുന്ന ഏറ്റവും ഉയർന്ന 136.60 അടിയിലേക്ക് ജലനിരപ്പെത്തുകയാണെങ്കിൽ സ്പിൽവേയിലൂടെ തമിഴ്നാടിന്റെ ഭാഗത്തു നിന്നും ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ട്.
വിവിധ ജില്ലകളിലായി 23 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളിലായി 1485 പേരെ പാർപ്പിച്ചിരിക്കുന്നതിൽ 527 പുരുഷന്മാരും 637 സ്ത്രീകളും 421 കുട്ടികളുമാണുള്ളത്. മഴക്കെടുതിയിൽ 81 വീടുകൾ പൂർണമായും 1278 വീടുകൾ ഭാഗികമായും നശിച്ചു. 23 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. 3 പേരെ കാണാതായിട്ടുമുണ്ട്.
Adjust Story Font
16