ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നില്ല; മഴ ലഭിച്ചിട്ടും കെ.എസ്.ഇ.ബിക്ക് നിരാശ
ഇടുക്കിയിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചിട്ടും കെ.എസ്.ഇ.ബിക്ക് നിരാശ. പ്രതീക്ഷിച്ച നീരൊഴുക്ക് ലഭിക്കാത്തതിനാല്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഇടുക്കിയിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളത്. ഈ മാസം ഇതുവരെ പ്രതീക്ഷിച്ചിരുന്ന നീരൊഴുക്ക് 230.96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ്. എന്നാൽ വ്യാഴാഴ്ച രാവിലെ 7 മണി വരെയുള്ള കണക്ക് പ്രകാരം ലഭിച്ചിരിക്കുന്ന നീരൊഴുക്ക് 163.907 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ്.
അതായത് കേരളത്തിലൊട്ടാകെ നല്ല മഴ ലഭിച്ചിട്ടും 67.053 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളത്തിന്റെ കുറവ്. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ജലസംഭരണികളിലുമായി 1231.91 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് ഇപ്പോഴുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 29.75 ശതമാനം മാത്രമാണ്. ഇടുക്കിയിൽ 32.89 ശതമാനം വെള്ളമാണുള്ളത്.
ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ലഭിച്ചു തുടങ്ങിയിട്ടില്ല. കേരളത്തിലെ എല്ലാ ഡാമുകളുടെ സ്ഥിതി പരിശോധിച്ചാലും ഇതുതന്നെയാണ് അവസ്ഥ. മണ്‍സൂണ്‍ എത്തുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. മഴക്കാലത്ത് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ മാര്‍ച്ച് മുതല്‍ പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നു. മഴകുറഞ്ഞാല്‍ ഇതിന് തടസ്സമാകും. നല്ല മഴ ലഭിക്കുകയും ഡാമുകളിലെ നീരൊഴുക്ക് കൂടുകയും ചെയ്താല്‍ അധിക വൈദ്യുതി ഉയര്‍ന്ന വിലക്ക് കെഎസ്ഇബിക്ക് വില്‍ക്കാനുമാകും.
Adjust Story Font
16