Quantcast

വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ ഇന്നും തുടരും; മലബാറിലെ നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-07-19 00:51:04.0

Published:

19 July 2024 12:45 AM GMT

Heavy rain: Holiday for educational institutions in seven districts tomorrow, latest news malayalam കനത്ത മഴ: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
X

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അറബിക്കടലിൽ ചക്രവാതചുഴിയും വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് നിലവിലെ മഴ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ കോളജുകൾക്ക് ഉൾപ്പെടെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലും ഇടുക്കി ദേവികുളം താലൂക്കിലും, ചിന്നക്കനാൽ പഞ്ചായത്തിലും ഇന്ന് അവധിയാണ്. കാസർകോട് , കോഴിക്കോട് ജില്ലകളിൽ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.

മൂന്നു ദിവസമായി പെയ്ത അതിതീവ്ര മഴയിൽ വയനാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. അതേസമയം, ഇന്നലെ ഉച്ചമുതൽ മഴയുടെ ശക്തി കുറഞ്ഞതോടെ പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. മഴയിലും കാറ്റിലും ഇതുവരെ 35 ഓളം വീടുകൾ ഭാഗികമായി തകർന്നു. പലയിടങ്ങളിലും കിണറുകൾ ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്. 25 ഏക്കർ കൃഷി ഭൂമിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.

മൂന്ന് താലൂക്കുകളിലെ 42 ദുരിതാശ്വാസ ക്യമ്പുകളിലായി 682 കുടുംബങ്ങളിലെ 2,280 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ദേശീയപാത 766 ൽ മുത്തങ്ങ പൊൻകുഴി ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ഇന്നലെ രാത്രി നൂറോളം യാത്രക്കാർ മണിക്കൂറുകളോളം വനപാതയിൽ കുടുങ്ങി. സ്ത്രീകളും കുട്ടികളും അടക്കം കെ.എസ്.ആർ.ടി.സി ബസുകളിലെയും കാറുകളിലെയും നൂറിലധികം യാത്രക്കാരാണ് റോഡിൽ കുടുങ്ങിയത്.

ഇടുക്കിയിൽ മഴക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മരം വീണും നാശനഷ്ടങ്ങളുണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിൽ 26 വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. മൂന്നാറിലും ഉടുമ്പൻചോലയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി കല്ലാർകുട്ടി, മലങ്കര, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

മരമൊടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പുകൾ പിൻവലിക്കും വരെ ജില്ലയിലെ രാത്രിയാത്രക്കും മൂന്നാർ ഗ്യാപ്‌ റോഡിലൂടെയുള്ള യാത്രക്കും നിരോധനമുണ്ട്.


TAGS :

Next Story