സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടം
കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്നലെ ശക്തമായ മഴ പെയ്തത്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴയുണ്ടാകും. നാളെ കോട്ടയം ,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത് . മധ്യ,വടക്കൻ ജില്ലകളിലാണ് മഴ കനക്കുക.
ചൊവ്വാഴ്ച എട്ട് ജില്ലയിലും ബുധനാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി.പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി.കോട്ടയത്ത് മലവെള്ളപാച്ചിലിൽ കല്ലും മണ്ണും റോഡിൽ അടിഞ്ഞത് ഗതാഗത തടസ്സത്തിനും കാരണമായി.
കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. കോട്ടയം എരുമേലിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളിൽ വെള്ളം കയറി.എരുമേലിയിലെ കൊച്ചുതോടും വലിയതോടും കരകവിഞ്ഞു.തുമരംപാറ കൊപ്പം വനത്തിൽ ഉരുൾപൊട്ടലുണ്ടായി.കനത്തമഴയെ തുടർന്ന് പാലക്കാട് മുടപ്പല്ലൂർ ടൌണിലെ കടകളിൽ വെള്ളം കയറി.റോഡരികിലെ ചാലുകൾ വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇരുവഴിഞ്ഞിയിൽ അരിപ്പാറ ഭാഗത്താണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഇരുവഴിഞ്ഞി പുഴയുടെ തീരത്തു താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16