ഔദ്യോഗികമായി അറിയിച്ചില്ല; മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ രാജ്ഭവന് അതൃപ്തി
ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയും സംഘവും 10 ദിവസത്തെ സന്ദർശനത്തിന് യൂറോപ്പിലേക്ക് പുറപ്പെട്ടത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി. ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയും സംഘവും 10 ദിവസത്തെ സന്ദർശനത്തിന് യൂറോപ്പിലേക്ക് പുറപ്പെട്ടത്. ഇന്നലെ കണ്ണൂരിൽ നേരിട്ട് കണ്ടപ്പോൾ മാത്രമാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞത്. എന്നാൽ രേഖാമൂലം അറിയിച്ചില്ല.
മുഖ്യമന്ത്രി വിദേശത്ത് പോവുകയാണെങ്കിൽ അത് ഗവർണറെ രേഖാമൂലം അറിയിച്ചിരിക്കണം എന്നാണ് ചട്ടം. എത്ര ദിവസത്തെ സന്ദർശനമാണ്, എന്തെല്ലാമാണ് പരിപാടി തുടങ്ങിയ വിശദമായ ഷെഡ്യൂൾ ആണ് രാജഭവനെ അറിയിക്കേണ്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ ഇന്നാരംഭിച്ച വിദേശയാത്രയിൽ അതുണ്ടായില്ല. ഇന്നലെ കണ്ണൂരിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഗവർണർ എത്തിയിരുന്നു. അവിടെവച്ച് കണ്ടപ്പോൾ താൻ 10 ദിവസം രാജ്യത്ത് ഉണ്ടാകില്ലെന്നും യൂറോപ്പിലേക്ക് പോവുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പിണറായി വിജയന് ആരിഫ് മുഹമ്മദ് ഖാൻ യാത്രാമംഗളങ്ങളും നേർന്നു. എന്നാൽ ഇക്കാര്യം രാജ്ഭവനെ രേഖാമൂലം അറിയിക്കുന്നതിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയത്.
സർക്കാരുമായി കടുത്ത ഭിന്നതയിലുള്ള ഗവർണറുടെ പ്രധാന പരാതി പല കാര്യങ്ങളും തന്നെ സർക്കാർ അറിയിക്കുന്നില്ല എന്നാണ്. ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിച്ചത്.നോർവേയിലാണ് ആദ്യ സന്ദർശനം. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും സംഘത്തിലുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്ക് സംഘം നോർവേയിൽ എത്തും.. നോർവേ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ബ്രിട്ടനിലേക്കു പോകും. വിദ്യാഭ്യാസം ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. കോടിയേരിയുടെ വിയോഗത്തെ തുടർന്ന് മുഖ്യമന്ത്രി ഫിൻലൻഡ് സന്ദർശനം മാറ്റിവച്ചിരുന്നു.എന്നാൽ ഉദ്യോഗസ്ഥ സംഘം ഫിൻലൻഡ് സന്ദർശിച്ചിരുന്നു
Adjust Story Font
16