'സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സിനിമ പരാജയപ്പെടും'; എംപുരാനെ തള്ളി രാജീവ് ചന്ദ്രശേഖർ
എംപുരാൻ കാണില്ലെന്നും, ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മോഹൻലാൽ ചിത്രമായ എംപുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എംപുരാൻ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻലാൽ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ലൂസിഫർ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എംപുരാൻ കാണുമെന്ന് താൻ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖർ കുറിച്ചു. ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് തനിക്ക് മനസ്സിലായി. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുൻപ് എംപുരാൻ കാണുമെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ കനത്ത സൈബർ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും വിവാദഭാഗങ്ങൾ നീക്കം ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ കുറിപ്പിന്റെ പൂർണ രൂപം:
ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? - അതെ.
Adjust Story Font
16