Quantcast

ഉന്നം തെറ്റിയത് ഒരു വെടിയുണ്ട മാത്രം; രഖിലിന് പരിശീലനം ലഭിച്ചെന്ന് സൂചന

പണം നൽകിയാലും കേരളത്തിൽ പിസ്റ്റൾ സ്വന്തമാക്കുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്

MediaOne Logo

abs

  • Published:

    1 Aug 2021 8:48 AM GMT

ഉന്നം തെറ്റിയത് ഒരു വെടിയുണ്ട മാത്രം; രഖിലിന് പരിശീലനം ലഭിച്ചെന്ന് സൂചന
X

കൊച്ചി: കോതമംഗലത്ത് ഡെന്റൽ ഡോക്ടറായ യുവതിയെ വെടിവച്ചു കൊന്ന രഖിലിന് തോക്കുപയോഗിക്കുന്നതിൽ പരിശീലനം ലഭിച്ചെന്ന് സൂചന. മൂന്നു തവണയാണ് രഖിൽ മാനസയ്ക്കു നേരെ വെടിയുതിർത്തത്. ഒരു വെടിയുണ്ട മാത്രമാണ് ഉന്നം തെറ്റിയത്. പരിശീലനം ലഭിക്കാതെ ഇത്തരത്തിൽ തോക്കുപയോഗിക്കാൻ ആകില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്.

ക്രിമിനൽ പശ്ചാത്തലമില്ലാത്ത രഖിൽ എവിടെ നിന്നാണ് തോക്ക് കൈവശപ്പെടുത്തിയത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കേരളത്തിന് പുറത്തു താമസിച്ച എട്ടു ദിവസത്തിലാകാം ഇയാൾ തോക്ക് സംഘടിപ്പിച്ചത് എന്ന് കരുതുന്നു. ജൂലൈ 12നാണ് സുഹൃത്തിനൊപ്പം രഖിൽ കേരളം വിട്ടത്. 20-ാം തിയ്യതി വരെ വിവിധ സ്ഥലങ്ങളിൽ ഇയാൾ താമസിച്ചിട്ടുണ്ട്. മൊബൈൽ ലൊക്കേഷൻ അടിസ്ഥാനമാക്കി റൂട്ട് മാപ്പ് തയ്യാറാക്കി ഇയാൾ എവിടെയെല്ലാം പോയിട്ടുണ്ട് എന്ന് അന്വേഷിക്കുകയാണ് പൊലീസ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.

പണം നൽകിയാലും കേരളത്തിൽ പിസ്റ്റൾ സ്വന്തമാക്കുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്. മംഗലാപുരം കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അനധികൃതമായി തോക്കെത്തിക്കുന്ന സംഘത്തിലേക്കും അന്വേഷണം നീണ്ടേക്കും.

തോക്ക് ബിഹാറിൽനിന്ന്

രഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽ നിന്നാണെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. രഖിലും സുഹൃത്തും ബിഹാറിൽ പോയതിന് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

തോക്ക് സംഘടിപ്പിക്കാനായി കഴിഞ്ഞ 12ന് രഖിൽ ബിഹാറിൽ പോയി. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ഉൾപ്രദേശത്ത് താമസിച്ചു. അതിഥി തൊഴിലാളിയുമായും രഖിലിനു ബന്ധമുണ്ട്. പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാനസയുടെ വീട്ടിൽ എത്തിയ മന്ത്രി മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി കേരളാ പൊലീസ് ഇന്നോ നാളെയോ ബിഹാറിലേക്കു പോകും. നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകമാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. പയ്യാമ്പലം പൊതു ശ്മശാനത്തിലാണ് മാനസയുടെ സംസ്‌കാര ചടങ്ങുകൾ നടന്നത്. ആത്മഹത്യ ചെയ്ത രഖിലിന്റെ മൃതദേഹം പന്തക്കപ്പാറ പൊതു ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.

TAGS :

Next Story