രാമനാട്ടുകര അപകടം: സംഘത്തിനെതിരെ കവർച്ചാശ്രമത്തിന് കേസെടുത്തു
കസ്റ്റംസ് ഉദ്യോഗസ്ഥർ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു
രാമനാട്ടുകര അപകടമരണം സംബന്ധിച്ച അന്വേഷണത്തിന് കസ്റ്റംസ് സംഘം ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തി. സ്വർണക്കടത്തു സംഘത്തിൽനിന്ന് സ്വർണം തട്ടാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമെന്ന് വ്യക്തമായതോടെയാണ് കസ്റ്റംസ് അധികൃതർ അന്വേഷണത്തിൽ ഇടപെടുന്നത്. പ്രതികൾ കസ്റ്റഡിയിലുള്ള ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു.
കോഴിക്കോട് ഡിസിപിയുമായും കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കവർച്ചാ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ഐപിസി 399 വകുപ്പ് പ്രകാരം കൊള്ളശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കരിപ്പൂരിൽ ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് പിടികൂടിയ സ്വർണവും അപകടത്തിൽപ്പെട്ട സംഘം കവരാൻ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
അപകടത്തിൽപെട്ട ചെർപ്പുളശ്ശേരിയിൽനിന്നുള്ള സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാനായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കൊടുവള്ളിയിൽനിന്നുള്ള സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. സ്വർണക്കടത്ത് സംഘത്തെ പിന്തുടരുന്നതിനിടെയായിരുന്നു അപകടം നടന്നത്. കൊടുവള്ളി സ്വദേശി മൊയ്തീൻ നൽകിയ വിവരപ്രകാരമാണ് ചെർപ്പുളശ്ശേരി സംഘം കരിപ്പൂരിലെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് എട്ടുപേരാണ് ഫറോക്ക് പൊലീസ് സ്റ്റേഷനിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. ബാക്കിയുള്ള രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. ഇതിനൊപ്പം കൊടുവള്ളിയിലേക്ക് സ്വര്‍ണവുമായി കടന്ന സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Adjust Story Font
16