Quantcast

രാമനാട്ടുകര അപകടം: ചെർപ്പുളശ്ശേരിയിൽ നിന്നുള്ള സംഘമെത്തിയത് സ്വർണം തട്ടാന്‍

കൊടുവള്ളി സ്വദേശി മൊയ്തീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 15 അംഗ സംഘം കരിപ്പൂരിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-06-21 16:38:01.0

Published:

21 Jun 2021 1:02 PM GMT

രാമനാട്ടുകര അപകടം: ചെർപ്പുളശ്ശേരിയിൽ  നിന്നുള്ള സംഘമെത്തിയത് സ്വർണം തട്ടാന്‍
X

രാമനാട്ടുകര അപകടത്തിൽപെട്ട ചെർപ്പുളശ്ശേരിയിൽനിന്നുള്ള 15 അംഗ സംഘമെത്തിയത് കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ. കൊടുവള്ളിയിൽനിന്നുള്ള സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.

ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി സൂചനയുണ്ട്. സ്വർണക്കടത്ത് സംഘത്തെ പിന്തുടരുന്നതിനിടെയായിരുന്നു അപകടം. കൊടുവള്ളി സ്വദേശി മൊയ്തീന്റെ നിർദേശ പ്രകാരമാണ് ചെർപ്പുളശ്ശേരി സംഘം എത്തിയതെന്നാണ് അറിയുന്നത്. ചെർപ്പുളശ്ശേരി സംഘം മുൻപും സ്വർണം കവർന്നതായി പൊലീസ് പറയുന്നു. കസ്റ്റഡിയിലുള്ളവരെ കരിപ്പൂർ പൊലീസിന് കൈമാറും. വാഹനം ഇടിച്ചുകൊണ്ടുള്ള അപകടം തന്നെയാണ് മരണത്തിനു കാരണമെന്നും വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു.

മൊയ്തീനാണ് കരിപ്പൂർ വഴി സ്വർണം എത്തുന്ന വിവരം ചെർപ്പുളശ്ശേരിയിലുള്ള സംഘത്തെ അറിയിക്കുന്നത്. ഇതേതുടർന്ന് മൂന്നു വാഹനങ്ങളിലായി സംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നു. ഈ സമയത്ത് കൊടുവള്ളിയിലുള്ള സംഘം സ്വർണവുമായി വിമാനത്താവളത്തിന് പുറത്തെത്തുന്നു. ഇവർക്കൊപ്പം രണ്ടു വാഹനങ്ങളുണ്ടായിരുന്നു. ഈ രണ്ടു വാഹനങ്ങളെയും ചെർപ്പുളശ്ശേരിയിൽനിന്നെത്തിയ മൂന്നു വാഹനങ്ങൾ പിന്തുടർന്നു.

പലയിടത്തുവച്ചും ഇവർ തമ്മിൽ ചേസിങ്ങുണ്ടായി. ഇതേത്തുടർന്ന് സംഘർഷവുമുണ്ടായി. വാഹനം പിന്തുടരുന്നത് കണ്ടപ്പോൾ സ്വർണം തട്ടാനെത്തിയ സംഘമാണ് പിറകിലുള്ളതെന്ന് ഇവർക്ക് ബോധ്യമായി. ഇതിനുപിന്നാലെ ഇവർ പിറകിലെ വാഹനങ്ങൾക്കുനേരെ സോഡാ കുപ്പി വലിച്ചെറിഞ്ഞതായും വിവരമുണ്ട്. ഇതിനിടയ്ക്ക് കൊടുവള്ളിയിലെ സംഘം രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വച്ച് രക്ഷപ്പെട്ടു. ഇതോടെ ഇവരെ പിന്തുടർന്ന സംഘം മടങ്ങി. ഇതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരിൽനിന്നു ലഭിച്ച വിവരത്തിൽനിന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.

നിലവിൽ സംഭവുമായി ബന്ധപ്പെട്ട് എട്ടുപേർ ഫറോക്ക് പൊലീസ് സ്റ്റേഷനിലുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഘത്തിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ നടക്കുകയാണ്. ഇതിനൊപ്പം കൊടുവള്ളിയിലേക്ക് സ്വർണവുമായി കടന്ന സംഘത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കേസ് കരിപ്പൂർ പൊലീസിൽ രജിസ്റ്റർ ചെയ്യും. ഇതിനു ശേഷം പ്രതികളെ കരിപ്പൂർ പൊലീസിന് കൈമാറും.

ഇന്ന് രാവിലെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വച്ച് ലോറിയുമായി ബൊലേറോ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചത്. പുലർച്ചെ 4.30നാണ് അപകടമുണ്ടായത്. രാമനാട്ടുകരയിൽനിന്ന് കരിപ്പൂർ വിമാനത്താവള ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പുമായി എതിരെ വന്ന സിമന്റ് ലോറി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ജീപ്പ് പൂർണമായി തകർന്നു. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും തൽക്ഷണം മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ താഹിർ, ശഹീർ, നാസർ, സുബൈർ, അസൈനാർ എന്നിവരാണ് മരിച്ചത്.

TAGS :

Next Story