കോവിഡ് പിടിവിടുന്നതിനിടെ തൃശൂര്‍ പൂരം നടത്തണോ? ചെന്നിത്തലയുടെ മറുപടി..
കോവിഡിനെ ചെറുക്കാൻ ഉടന്‍ സ്വീകരിക്കേണ്ട കാര്യങ്ങൾ ചെന്നിത്തല ഗവർണറെ ധരിപ്പിച്ചു
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ തൃശൂര്‍ പൂരം നടത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് പല തലങ്ങളിലായി ചര്‍ച്ച നടക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ-
"തൃശൂര്‍ പൂരം ആചാരങ്ങളോടെ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ കോവിഡ് പശ്ചാത്തലം കൂടി നമ്മള്‍ കണക്കാക്കണം. ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചാകണം നടപടികളുമായി മുന്നോട്ടുപോകാന്‍. സാഹചര്യം വളരെ മോശമാണ്. പരസ്പരം ചര്‍ച്ചകളിലൂടെ സമവായത്തിലെത്തണം. രണ്ട് ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനത്തിലെത്തണം. ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ടാകണം. ആരോഗ്യ പ്രോട്ടോകോള്‍ പാലിക്കണം. ആചാരങ്ങളും അനുഷ്ഠാനങ്ങളും നല്ല നിലയില്‍ നടക്കണം".
ആള്‍ക്കൂട്ടം അവിടെ അനുവദിക്കണോ, അതോ ചടങ്ങായി നടത്തിയാല്‍ മതിയോ എന്ന കാര്യത്തില്‍ എന്താണ് അഭിപ്രായമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചെന്നിത്തലയുടെ മറുപടി ഇന്ന് ചര്‍ച്ച വെച്ചിട്ടുണ്ടല്ലോ എന്നായിരുന്നു. ഭാരവാഹികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തട്ടെ. ഒരു സമവായം ഉണ്ടാകണം ഇക്കാര്യത്തില്‍. എന്നിട്ട് വേണം മുന്നോട്ടുപോകാനെന്നും ചെന്നിത്തല പ്രതികരിച്ചു.
കോവിഡിനെ ചെറുക്കാൻ അടിയന്തരമായി സ്വീകരിക്കേണ്ട കാര്യങ്ങൾ ഗവർണറെ ധരിപ്പിച്ചെന്ന് ചെന്നിത്തല അറിയിച്ചു. കോവിഡ് വാക്സിൻ കൂടുതലായി എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മർദം ചെലുത്തുമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ട്. ഓരോ കളക്ടർമാരും പ്രത്യേകം ഉത്തരവ് ഇറക്കുന്നത് നിർത്തണം. യുദ്ധകാല അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്ത് തലം മുതല്‍ ബോധവല്‍ക്കരണം നടത്തണം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ കോവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ രംഗത്തിറങ്ങണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു.
ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ച് വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചാൽ ചർച്ച ചെയ്യും. സിപിഎം അദ്ദേഹത്തെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടതായിരുന്നു. പരിഗണിക്കാതിരുന്നത് ശരിയായില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
കോവിഡ് വ്യാപനം : ബഹുമാനപ്പെട്ട ഗവർണറെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നു
Posted by Ramesh Chennithala on Sunday, April 18, 2021
Adjust Story Font
16