'ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചാക്കും ഒരുപോലെ, ഇപ്പോഴത്തെ സിപിഐക്ക് തന്റേടമില്ല: രമേശ് ചെന്നിത്തല
''ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങൾ കണക്കിലെടുക്കേണ്ട. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നയാളാണ് ഈ ബിനോയ് വിശ്വം''

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രമേശ് ചെന്നിത്തല. ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണെന്ന് ചെന്നിത്തല പറഞ്ഞു.
ബ്രൂവറി വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വാ മുഖ്യമന്ത്രി അടപ്പിച്ചു. ബിനോയ് വിശ്വത്തിന്റെ വാക്കിന് ഒരു വിലയുമില്ലാതായെന്നും പഴയ സിപിഐ- അല്ല ഇപ്പോഴത്തെ സിപിഐയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
''ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങൾ കണക്കിലെടുക്കേണ്ട. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നയാളാണ് ഈ ബിനോയ് വിശ്വം. എലപ്പുള്ളിയിലെ മദ്യനിർമാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട്, സിപിഐയുടെ എം.എൻ സ്മാരകത്ത് വെച്ച് തന്നെ അദ്ദേഹത്തിന്റെ വാ മുഖ്യമന്ത്രി അടപ്പിച്ചു. അതിന് ശേഷം വാ തുറന്നിട്ടില്ല. അതുകൊണ്ട് ബിനോയ് വിശ്വത്തിന്റെ വാക്കിനൊന്നും ഒരു വിലയും ആരും കൽപ്പിക്കുന്നില്ല. പഴയ കാലത്തായിരുന്നു സിപിഐ, ഇപ്പോഴത്തെ പാർട്ടിക്ക് ആർജവമോ തന്റേടമോ ഇല്ല''- ചെന്നിത്തല പറഞ്ഞു.
എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ടു പോകാന്‍ എം.എന്‍ സ്മാരകത്തില്‍ വെച്ച് നടന്ന എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ തീരുമാനിച്ചിരുന്നു. സിപിഐയും ആര്‍ജെഡിയും യോഗത്തില്‍ എതിര്‍പ്പറയിച്ചെങ്കിലും മുഖ്യമന്ത്രി തീരുമാനത്തില്‍ ഉറച്ചുനിന്നതിനാല്‍ ഇവർ ഉൾവലിയുകയായിരുന്നു. ഈ പശ്ചാതലത്തിലാണ് ചെന്നിത്തലയുടെ വിമർശനം.
Adjust Story Font
16