Quantcast

'ഞാന്‍ നാലണ മെമ്പര്‍, എന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നു': പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

പ്രായത്തിന്‍റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂവെന്ന് ചെന്നിത്തല

MediaOne Logo

Web Desk

  • Updated:

    2021-09-03 08:18:19.0

Published:

3 Sep 2021 6:10 AM GMT

ഞാന്‍ നാലണ മെമ്പര്‍, എന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നു: പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല
X

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഡിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച് തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നു. പ്രായത്തിന്‍റെ കാര്യം പറഞ്ഞ് മാറ്റിനിർത്തേണ്ട. തനിക്ക് 64 വയസേയുള്ളൂ. ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

"എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണിപ്പോള്‍‌. ഉമ്മന്‍ചാണ്ടി അതുപോലെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിങ് കമ്മിറ്റി മെമ്പറാണ്. ഞാന്‍ ഈ പ്രസ്ഥാനമില്ലാത്തയാളാണ്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് എല്ലാവര്‍ക്കുമുള്ളത്. ഇത് റിലേ ഓട്ട മത്സരമൊന്നുമല്ല. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പോരാടേണ്ട സന്ദര്‍ഭത്തില്‍ യോജിപ്പിന്‍റെ പാത തുറക്കുക എന്നതാണ് നേതൃത്വത്തിന്‍റെ ഉത്തരവാദിത്വം"- ചെന്നിത്തല പറഞ്ഞു.

താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷക്കാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാർഷ്ട്യം കാട്ടിയിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷം. മുൻകാല പ്രാബല്യം പരിശോധിച്ചാൽ ഇവരാരും പാർട്ടിയിലുണ്ടാകില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. കോട്ടയം ഡിസിസി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

"കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. 17 വർഷം ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ചു. ഞാൻ കെപിസിസി പ്രസിഡന്‍റും ഉമ്മൻചാണ്ടി പാർലമെന്‍ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയത്. കെ കരുണാകരനും കെ മുരളീധരനും പാർട്ടിയിൽ പിന്നീട് തിരിച്ചു വന്നു"- ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വിമർശനം ഏറ്റുപിടിച്ച് കെ സി ജോസഫും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാൻ ആരും വളർന്നിട്ടില്ല. ഉമ്മൻചാണ്ടിയെ ആക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചില്ല. ചെന്നിത്തലയുടെ പ്രതികരണത്തോട് നോ കമന്‍റ്സ് എന്നായിരുന്നു മറുപടി. സംഘടനാ തെരഞ്ഞടുപ്പ് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ, ആരും തടസ്സമാകില്ലെന്നും സതീശന്‍ പറഞ്ഞു.

TAGS :

Next Story