ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനും എതിര് : രമേശ് ചെന്നിത്തല
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് അനാവശ്യമായ നേട്ടമുണ്ടാക്കാനുളള ഗൂഢപദ്ധതി മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: മോദി മന്ത്രിസഭ പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാർശ ഇന്ത്യ പോലെ വൈവിധ്യമാർന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും ഭരണഘടനാപരമായി ഫെഡറലിസത്തിനും എതിരാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും വ്യത്യസ്തമായ തലങ്ങളിലാണ് നടക്കേണ്ടത്. കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിഷയങ്ങളല്ല സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ. ദേശീയ വിഷയങ്ങൾ പോലെ തന്നെ പ്രാദേശികമായ വിഷയങ്ങൾക്കും പ്രാധാന്യം ലഭിക്കണമെങ്കിൽ രണ്ടു തെരഞ്ഞെടുപ്പുകളും വെവ്വേറെ തന്നെ നടത്തേണ്ടി വരും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് അനാവശ്യമായ നേട്ടമുണ്ടാക്കാനുളള ഗൂഢപദ്ധതി മാത്രമാണ്. ഇതു നടപ്പാക്കുകയെന്നാൽ ജനാധിപത്യവിരുദ്ധമായി നിരവധി സംസ്ഥാന നിയമസഭകൾ പിരിച്ചുവിടുകയെന്നതാണ്. അത് അനുവദിക്കാനാവില്ല. ഇതൊക്കെ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢപദ്ധതിയാണ്.
മുൻകാലങ്ങളിലും ജനശ്രദ്ധ തിരിച്ചു വിടാൻ ഇതുപോലെ നിരവധി പരിപാടികൾ ബിജെപി കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമം നടപ്പാക്കണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഒറ്റയ്ക്കു ഭരിക്കാൻ പോലും ആൾബലമില്ലാത്ത ബിജെപി ഇതുപോലെ നാടകങ്ങൾ കാണിക്കുന്നത് ഭരണപരാജയത്തിൽ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Adjust Story Font
16