കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ നിയമനത്തിൽ അതൃപ്തി; പരാതി ഹൈക്കമാൻഡിനെ അറിയിച്ചെന്ന് ചെന്നിത്തല
എല്ലാവരേയും യോജിപ്പിച്ചുകൊണ്ടുപോയി പാർട്ടിയെ വിജയത്തിലെത്തിക്കേണ്ട സന്ദർഭത്തിൽ ഇത്തരം അഭിപ്രായ ഭിന്നതകൾ ഒഴിവാക്കേണ്ടതു തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കണ്ണൂർ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ നിയമനത്തിൽ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. മതിയായ കൂടിയാലോചന നടന്നിട്ടില്ലെന്ന് പരാതിയുണ്ടെന്നും ഇക്കാര്യം ഹൈക്കാമാൻ്റിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.
എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകേണ്ട സമയമാണിത്. ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത് എല്ലാവരും യോജിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകളെ നേരിടുക എന്നതാണ്. അങ്ങനെയാണ് വയനാട്ടിൽ നടന്ന പാർട്ടി ക്യാമ്പിൽ തീരുമാനിച്ചത്.
എല്ലാവരേയും യോജിപ്പിച്ചുകൊണ്ടുപോയി പാർട്ടിയെ വിജയത്തിലെത്തിക്കേണ്ട സന്ദർഭത്തിൽ ഇത്തരം അഭിപ്രായ ഭിന്നതകൾ ഒഴിവാക്കേണ്ടതു തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കി. വയനാട്ടിലെ തീരുമാനം പൂർണമായും നടപ്പായില്ലെന്നും ചെന്നിത്തല പറയുന്നു.
കഴിഞ്ഞദിവസം എ ഗ്രൂപ്പ് നേതാക്കളായ യു.ഡി.എഫ് കൺവീനർ എം.എം ഹസനും ബെന്നി ബെഹനാൻ എം.പിയും ഇക്കാര്യത്തിൽ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഐ ഗ്രൂപ്പിലെ നേതാവായ ചെന്നിത്തലയും അതൃപ്തിയറിയിച്ച് രംഗത്തെത്തിയത്.
എ ഗ്രൂപ്പിനെ പൂർണമായും വെട്ടിനിരത്തിയെന്നും അതിനാൽ കോൺഗ്രസിന്റെ വരാനിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും ആ വിഭാഗത്തിലെ നേതാക്കൾ കണ്ണൂർ ജില്ലയിലടക്കം തീരുമാനിച്ചിരിക്കെയാണ് ചെന്നിത്തല പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത്.
Adjust Story Font
16