'നവകേരള സദസ്സിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര'; പി.ആർ ഏജൻസിയുടെ നിർദേശമെന്ന് രമേശ് ചെന്നിത്തല
ഇത്തരം തെരഞ്ഞെടുപ്പ് സ്റ്റണ്ട് കൊണ്ടൊന്നും കേരളത്തിൽ ഒരു പാർലമെന്റ് സീറ്റ് പോലും എൽ.ഡി.എഫിന് കിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തൃശൂർ: നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന് രമേശ് ചെന്നിത്തല. പി.ആർ ഏജൻസിയുടെ നിർദേശപ്രകാരമാണ് ഈ ഉല്ലാസയാത്ര. ഇത്തരം തെരഞ്ഞെടുപ്പ് സ്റ്റണ്ട് കൊണ്ടൊന്നും കേരളത്തിൽ ഒരു പാർലമെന്റ് സീറ്റ് പോലും എൽ.ഡി.എഫിന് കിട്ടില്ല. ഇത്രയും കാലം ജനങ്ങളെ കാണാത്ത മുഖ്യമന്ത്രി ഇപ്പോൾ ഇറങ്ങിയത് എല്ലാവർക്കും മനസ്സിലാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
"പാർലമെന്റ് തെരഞ്ഞെടുപ്പ് വരുന്നെന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാൻ ഇറങ്ങിയത്. ഇതുകൊണ്ടൊന്നും കേരളത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല. ഇരുപതിൽ ഇരുപത് സീറ്റും യു.ഡി.എഫ് നേടും. രാഹുൽഗാന്ധി കണ്ടെയ്നർ യാത്ര നടത്തി എന്ന് പറഞ്ഞ് അധിക്ഷേപിച്ചവരാണ് പഞ്ചനക്ഷത്ര ആഡംബര ബസ് യാത്ര നടത്തുന്നത്. പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണിത്" രമേശ് ചെന്നിത്തല പറഞ്ഞു.
5000 രൂപ ബില്ല് പോലും ട്രഷറിയിൽ മാറാൻ കഴിയാത്ത സാഹചര്യത്തിൽ നാടുമുഴുവൻ നടന്ന് നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും ചെന്നിത്തല പരിഹസിച്ചു. ഈ യാത്ര കൊണ്ട് ഒരു പ്രയോജനവും ജനങ്ങൾക്കുണ്ടാകുന്നില്ല. പ്രയോജനം ഉണ്ടാകുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. യു.ഡി.എഫിന്റെ ഒരു എം.എൽ.എയും നവകേരള സദസ്സിൽ പങ്കെടുക്കില്ല. യു.ഡി.എഫ് എം.എൽ.എമാർ പങ്കെടുക്കുമെന്നത് എൽ.ഡി.എഫിന്റെ വ്യാജ പ്രചാരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Adjust Story Font
16