Quantcast

'മോദി നടത്തിയത് ചാര പ്രവർത്തനം, സ്വന്തം മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി' രമേശ് ചെന്നിത്തല

സുപ്രിം കോടതി ജഡ്ജിയുടെ ഫോൺ പോലും ചോർത്തുന്ന ഒരു സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ സാധാരണക്കാരന്‍റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്നും ചെന്നിത്തല ചോദിച്ചു

MediaOne Logo

Web Desk

  • Published:

    19 July 2021 7:11 AM GMT

മോദി നടത്തിയത് ചാര പ്രവർത്തനം, സ്വന്തം മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത പ്രധാനമന്ത്രി രമേശ് ചെന്നിത്തല
X

പെഗാസസ് ഫോണ്‍ ചോർത്തൽ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല. മോദി സർക്കാര്‍ ചാര പ്രവർത്തനം നടത്തിയെന്നാണ് പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നതെന്നും തൻറെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സുപ്രിം കോടതി ജഡ്ജിയുടെ ഫോൺ പോലും ചോർത്തുന്ന ഒരു സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ സാധാരണക്കാരന്‍റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്നും ചെന്നിത്തല ചോദിച്ചു. എതിരഭിപ്രായമുള്ള വ്യക്തികളുടെ ഫോൺ സർക്കാർ തന്നെ ചോർത്തുന്ന നടപടി ജനാധിപത്യ വിരുദ്ധമാണ്. തികച്ചും അത്യന്തമായ കുറ്റകൃത്യമാണ് നടന്നത് ഇതിന് സർക്കാർ വിശദമായ മറുപടി നൽകണം. ചെന്നിത്തല പറഞ്ഞു.


അതേസമയം പെഗാസസ് ചോർത്തൽ വിവാദം പാര്‍ലമെന്‍റില്‍ പുകയുകയാണ്. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ഇരു സഭകളും നിർത്തിവെച്ചു. ഉച്ചക്ക് സഭ വീണ്ടും ആരംഭിക്കും.

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസ‍സ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് വിവാദങ്ങള്‍ക്കാധാരം. സുപ്രിം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും നാല്‍പതോളം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.‌

സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോകസഭയിലും സി.പി.എം.പി ബിനോയ് വിശ്വം രാജ്യസഭയിലുമാണ് നോട്ടീസ് നല്‍കിയത്. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ബഹളം ഉണ്ടായത്. തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും നിര്‍ത്തിവെക്കുകയായിരുന്നു.

ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ പോലും ചോർത്തുന്ന ഒരു സർകാർ ഇന്ത്യ ഭരിക്കുമ്പോൾ സാധാരണക്കാരൻ്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന് നമുക്ക് ഊഹിക്കാം.

പെഗാസസ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്ര സർകാർ നിർദേശ പ്രകാരം ചോർത്തിയത് രണ്ടു കേന്ദ്ര മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, നാൽപതിലേറെ മാധ്യമ പ്രവർത്തകരുടെയും ഫോൺ സംഭാഷണങ്ങളാണ്.

സർകാരുകൾക്ക് മാത്രമാണ് പെഗാസസ് സേവനം നടത്തുന്നത്. ഇതിൽ നിന്നും മോഡി സർക്കാരും ചാര പ്രവർത്തനം നടത്തി എന്നാണ് തെളിയുന്നത്. തൻ്റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. എതിർ അഭിപ്രായമുള്ള വ്യക്തികളുടെ ഫോൺ സർകാർ തന്നെ ചോർത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധമാണ്.

ഇത് അത്യന്തമായ ഒരു കുറ്റകൃത്യമാണ്. ഇതിന് സർകാർ വിശദമായ മറുപടി നൽകണം. ഉന്നത കുറ്റാന്വേഷണ ഏജൻസി വഴി അടിയന്തരമായി ഒരു അന്വേഷണത്തിന് സർകാർ ഉത്തറവിടണം.

TAGS :

Next Story