'എന്തെങ്കിലുമുണ്ടെങ്കിൽ പരസ്‌പരം പറഞ്ഞുതീർക്കും, യുഡിഎഫ് ഒറ്റക്കെട്ട്': ചെന്നിത്തല
യു.ഡി.എഫ്. ഏകോപനസമിതി യോഗത്തിനു ശേഷം കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയുമായി വിഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു
തിരുവനന്തപുരം: വി.ഡി.സതീശനുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്ത തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും ഉണ്ടെങ്കിൽ പരസ്പരം പറഞ്ഞു പരിഹരിച്ച് മുൻപോട്ട് പോകും. യുഡിഎഫ് എല്ലാവരും ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ചെന്നിത്തലയെ ഇന്ന് രാവിലെ വീട്ടിൽ ചെന്നുകണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുനയിപ്പിച്ചിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്യാൻ കൂടിയ യു.ഡി.എഫ്. ഏകോപനസമിതി യോഗത്തിനു ശേഷം കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചതാണ് ചെന്നിത്തല മടങ്ങിയത്.
യോഗത്തിൽ പങ്കെടുത്തെങ്കിലും സംസാരിക്കാൻ മുതിർന്ന നേതാവായ ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. ഇതാണ് അതൃപ്‌തിക്ക് കാരണമായത്. യോഗത്തിന് ശേഷമുള്ള വിരുന്നിൽ പങ്കെടുക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
അതേസമയം, പ്ലസ്‌വൺ സീറ്റ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ചെന്നിത്തല വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു. സീറ്റ് ഉയർത്തണം എന്നത് നിരന്തരമുള്ള ആവശ്യമാണ്. മലബാറിലെ കുട്ടികൾക്ക് പ്ലസ് വൺ പഠിക്കാൻ അവകാശമില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
പ്രശ്ന പരിഹാരത്തിന് നടപടി വേണം. മുഖ്യമന്ത്രി ഒരക്ഷരം പോലും മിണ്ടുന്നില്ല. സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Adjust Story Font
16