Quantcast

മലപ്പുറം ജില്ലയെ മുഖ്യമന്ത്രി ആക്ഷേപിച്ചത് ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനെന്ന് ചെന്നിത്തല

ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മലപ്പുറം ജില്ലയെയും മതന്യൂനപക്ഷ​ങ്ങളെയും ആക്ഷേപിച്ച് അദ്ദേഹം പ്രസ്താവന കൊടുത്തതെന്നും ചെന്നിത്തല പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Oct 2024 7:28 AM GMT

മലപ്പുറം ജില്ലയെ മുഖ്യമന്ത്രി ആക്ഷേപിച്ചത് ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: മലപ്പുറം ജില്ലയെ ആക്ഷേപിച്ചുള്ള മുഖ്യമന്ത്രിയുടെ ​പ്രസ്താവന ഭൂരിപക്ഷ വർഗീയതയെ താലോലിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമാണിത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചിട്ടും വോട്ട് കിട്ടാത്തതിന്റെ പേരിൽ ഇപ്പോൾ ഭൂരിപക്ഷവർഗീയതയെ പിന്തുണക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. അതാണ് രാഷ്ട്രീയ അജണ്ടയെന്നും ചെന്നിത്തല പറഞ്ഞു.

ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് മലപ്പുറം ജില്ലയെയും മതന്യൂനപക്ഷ​ങ്ങളെയും ആക്ഷേപിക്കത്തക്കതരത്തിൽ പിണറായി പ്രസ്താവന കൊടുത്തത്. അത് ഗൂഡാലോചനയുടെ ഭാഗമാണ്. ആ അജണ്ട എല്ലാവർക്കും ബോധ്യ​പ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ്. അവിടുത്തെ ജനങ്ങൾ കള്ളക്കടത്തിനും സ്വർണക്കടത്തിനും കൂട്ടുനിൽക്കുന്നുവെന്ന രീതിയിൽ അദ്ദേഹം അഭിമുഖം കൊടുത്തത് ദൗർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും പാടില്ലാത്ത കാര്യമാണ്.

എയർപ്പോർട്ട് മലപ്പുറത്താണെന്ന് കരുതി അവിടുത്തെ ജനങ്ങളാണോ കള്ളക്കടത്തും സ്വർണംപൊട്ടിക്കലുമൊക്കെ നടത്തുന്നത്. യഥാർത്ഥത്തിൽ സ്വർണക്കള്ളക്കടത്തിന് നേതൃത്വം ​കൊടുത്തത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണ്. അത് മറച്ചുവെക്കുന്നതിനാണ് മലപ്പുറത്തിനെതിരെ പ്രസ്താവന നടത്തിയിരിക്കുന്നത്. മലപ്പു​റത്തെ ജനങ്ങൾ കള്ളക്കടത്തുകാരാണെന്ന ധ്വനിയുണ്ടാക്കുന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലും തിരുവനന്തപുരത്തും മറ്റ സംസ്ഥാനങ്ങളിലും തട്ടിപ്പ് നടക്കുന്നില്ലേ. അതെല്ലാം ദേശവിരുദ്ധ പ്രവർത്തനങ്ങളാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങളെ ദേശവിരുദ്ധ പ്രവർത്തനങ്ങളായി കണ്ട് നേരിടുന്നതിന് പകരം മലപ്പുറം ജില്ലയെയും മതന്യൂനപക്ഷങ്ങളെയും പ്രത്യേകം ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന നൽകിയത് അംഗീകരിക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story