Quantcast

'സിദ്ധാർഥന്റെ മാതാപിതാക്കളോട് മാപ്പ് പറയണം'; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

സിദ്ധാർഥന്റെ കേസിൽ പ്രതികൾക്ക് സംരക്ഷണം നൽകിയതുകൊണ്ടാണ് സമാനമായ റാ​ഗിങ് സംഭവങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    18 Feb 2025 11:59 AM

Ramesh chennithala sent open letter to pinarayi on Sidharathan Case
X

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ കൊല്ലപ്പെട്ട കേസിലെ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് രമേശ് ചെന്നിത്തല. സർക്കാറിന്റെ ഇത്തരം നിലപാടുകളാണ് മറ്റു ക്യാമ്പസുകളിലും സമാനമായ സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. പ്രതികളെ സംരക്ഷിച്ചതിൽ സിദ്ധാർഥന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല തുറന്ന കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്റെ പൂർണരൂപം:

വളരെയേറെ മനോദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് ഞാൻ അങ്ങക്ക് ഈ കത്തെഴുതുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ്, നെടുമങ്ങാട് ജയപ്രകാശ് - ഷീബ ദമ്പതികളുടെ മകനായ ജെ.എസ് സിദ്ധാർഥൻ, വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ 20ലധികം വരുന്ന എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര മർദനത്തെ തുടർന്ന് മെൻസ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.

'അവന്റെ അന്ത്യവിശ്രമ സ്ഥലത്ത് രണ്ട് തവണ മാത്രമേ ഞാൻ പോയിട്ടൂള്ളൂ. അവിടെ പതിച്ച അവന്റെ ചിത്രത്തിലേക്ക് നോക്കുമ്പോൾ അമ്മേ എന്ന് വിളിക്കുന്നതായി തോന്നും. കോളജ് അധികൃതർ റാഗിങ്ങിന് കൂട്ട് നിൽക്കുമ്പോൾ ഇരകൾക്ക് എങ്ങനെ നീതി കിട്ടും? അവരെ പേടിച്ച് ആരും കോളജിൽ നടക്കുന്നതൊന്നും പുറത്ത് പറയില്ല'' എന്ന സിദ്ധാർഥന്റെ മാതാവ് ഷീബയുടെ വാക്കുകൾ ആരുടെ മനസ്സാണ് പിടിച്ചുലയ്ക്കാത്തത്. ഒരു മനുഷ്യത്വരഹിത സമൂഹത്തിനു നേരെ ഇതിലേറ ദീനമായി എങ്ങനെ സംസാരിക്കാനാകും.

ആന്റി റാഗിങ് സ്ക്വാഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് 16.02.2024 നും 17.02.2024 നും ഇടയിലുള്ള രാത്രിയിൽ, സിദ്ധാർഥന്റെ സഹവിദ്യാർഥികളും, സീനിയർ വിദ്യാർഥികളും ചേർന്ന് 'മൃഗീയമായ ശാരീരിക ആക്രമണത്തിനും പൊതുവിചാരണക്കും (Brutal physical assault and public trail) വിധേയനാക്കി' എന്നാണ്. ഒരു തുള്ളി വെള്ളമോ ഒരിറ്റു ഭക്ഷണമോ നൽകാതെ 21-ാം നമ്പർ മുറിയിൽ പൂട്ടിയിട്ട സിദ്ധാർഥനെ ഇരുപതിലധികം എസ്എഫ്‌ഐ ഗുണ്ടകൾ ബെൽറ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിൾ വയർ എന്നിവ ഉപയോഗിച്ച് അടിച്ചുവെന്നും സിദ്ധാർഥനെ വിവസ്ത്രനാക്കി അടിവസ്ത്രം മാത്രം ധരിച്ച് നിർത്തിയെന്നും ഹോസ്റ്റലിന്റെ നടുത്തളത്തിലേക്ക് കൊണ്ടുപോയി അവിടെ വച്ചും സിദ്ധാർഥനെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കേരളത്തിൽ ഇത് വരെ കേട്ട് കേൾവിയില്ലാത്ത തരത്തിലുള്ള അതിഭീകരമായ ശാരീരിക ആക്രമണമാണ് സിദ്ധാർഥൻ എന്ന പാവം വിദ്യാർഥി നേരിട്ടത്. എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർഥനെ ശുചിമുറിയിൽ കെട്ടിതൂക്കിയതാണോ എന്ന് പോലും ന്യായമായും സംശയിക്കാവുന്നതാണ്.

ബഹു. മുഖ്യമന്ത്രി, സിദ്ധാർഥൻ എന്ന ഒരു പാവം വിദ്യാർഥിയെ, അതിക്രൂര ശാരീരിക ആക്രമണത്തിനും, പൊതുവിചാരണയ്ക്കും ഇരയാക്കിയ കശ്മലൻമാരായ മുഴുവൻ എസ്എഫ്‌ഐ ഗുണ്ടകൾക്കും രക്ഷപ്പെട്ട് സർവസ്വതന്ത്രമായി വിലസാനുള്ള എല്ലാ അവസരവും സൃഷ്ടിക്കുകയല്ലേ അങ്ങയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്തത്? വിദ്യാർഥികളോട് സംഭവങ്ങൾ പുറത്തു പറയരുത് എന്നു നിർദേശിച്ച കോളജ് അധികൃതർ മുതൽ മജിസ്‌ട്രേറ്റിന്റെ മുറിയിൽ കയറാൻ ശ്രമിച്ച മുൻ സിപിഎം എംഎൽഎ വരെ നീളുന്നു ഈ ലിസ്റ്റ്. പ്രതികളെല്ലാം എസ്എഫ്‌ഐ നേതാക്കൾ ആയതുകൊണ്ട് ഈ ശ്രമങ്ങളെല്ലാം നടത്തുന്നത് സിപിഎമ്മിന്റെയും അങ്ങയുടെ നിയന്ത്രണത്തിലുള്ള പോലീസിന്റേയും അറിവോടെ ആയിരുന്നു എന്ന് ഉറപ്പല്ലേ?

ജാമ്യാപേക്ഷയുമായി ഇവർ ഹൈക്കോടതിയിൽ എത്തിയപ്പോഴും പ്രതികളെ രക്ഷിക്കാനുള്ള നാണം കെട്ട ശ്രമമല്ലേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നടത്തിയത്? സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് തള്ളിവിടാനല്ല മറിച്ച് ഗുണദോഷിച്ച് നന്നാക്കാനായിരുന്നു പ്രതികളുടെ ശ്രമം എന്ന തെറ്റായ കോടതി കണ്ടെത്തലിലേക്കു നയിക്കാൻ പറ്റിയ ദുർബലമായ വാദങ്ങൾ മുന്നോട്ടു വെച്ചതു കൂടാതെ ജാമ്യവിധിക്കെതിരെ അപ്പീൽ സമർപ്പിക്കാതിരുന്നത്, ഈ പ്രതികളെ, അങ്ങയുടെ സർക്കാർ സംരക്ഷിച്ച് ചേർത്തുപിടിക്കുകയായിരുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നില്ലേ? ഈ ഗുണ്ടകൾക്ക് മണ്ണുത്തി ക്യാമ്പസിൽ പഠന സൗകര്യം ഒരുക്കിയ ഹൈക്കോടതി വിധിക്കെതിരെയും സർക്കാർ അപ്പീൽ പോകാതിരുന്നത്, കാപാലികന്മാരായ എസ്എഫ്‌ഐ ഗുണ്ടകളെ അങ്ങയുടെ സർക്കാർ സംരക്ഷിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്തു എന്നതിന്റെ മറ്റൊരു ഞെട്ടിപ്പിക്കുന്ന തെളിവല്ലേ?

പ്രതികളെ പരീക്ഷഎഴുതാൻ അനുവദിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാൻ അസാധാരണമായ തിടുക്കമാണ് അങ്ങയുടെ സർക്കാർ കാട്ടിയത്. അതിനായി മണ്ണുത്തിയിൽ പരീക്ഷാകേന്ദ്രം അനുവദിച്ചതും രണ്ട് അധ്യാപകരെ പരീക്ഷാ ചുമതലയിൽ നിയമിച്ചതുമെല്ലാം ശരവേഗത്തിലായിരുന്നു. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണ് തങ്ങൾ എന്ന വ്യക്തമായ സന്ദേശമല്ലേ സർക്കാർ നൽകിയത്... പിന്നീട് സിദ്ധാർഥന്റെ മാതാപിതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രതികൾക്ക് കോളജിൽ പുനഃപ്രവേശനം നൽകാനുള്ള സിംഗിൾ ബഞ്ച് വിധി സ്റ്റേ ചെയ്തത്.

ബഹു. മുഖ്യമന്ത്രി, സിദ്ധാർഥൻ , എന്ന ഒരു പാവപ്പെട്ട വിദ്യാർഥിയെ, രണ്ട് ദിവസത്തോളം നീണ്ട് നിൽക്കുന്ന അതിഭീകരവും, അതിക്രൂരവുമായ ശാരീരിക അക്രമത്തിനും, പീഡനത്തിനും, അപമാനത്തിനും വിധേയമാക്കിയ എസ്എഫ്‌ഐയുടെ കാട്ടാള സംഘത്തെ സംരക്ഷിക്കാനും ചേർത്ത് പിടിക്കാനും അങ്ങയുടെ സർക്കാർ നടത്തിയ നാണംകെട്ട ശ്രമം, സംസ്‌കാര സമ്പന്നമായ കേരളത്തിലെ മുഴുവൻ മലയാളികളെയും ലജ്ജിപ്പിക്കുക തന്നെ ചെയ്യും. ഈ പ്രതികളെ, അവർ എസ്എഫ്‌ഐ നേതാക്കളാണ് എന്ന ഒറ്റക്കാരണത്താൽ, സംരക്ഷിച്ചതുകൊണ്ടാണ്, കോട്ടയത്ത് നടന്നത് പോലുള്ള ക്രൂരമായ റാ​ഗിങ് സംഭവങ്ങൾ ആവർത്തിക്കുന്നത്.

അങ്ങക്ക് അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ, സിദ്ധാർഥൻ എന്ന പാവപ്പെട്ട വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായ അതിക്രൂരന്മാരായ എസ്എഫ്‌ഐ ഗുണ്ടകളെ സംരക്ഷിച്ചതിന് സിദ്ധാർഥന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രി എന്ന നിലയിൽ നിരുപാധികം, പരസ്യമായി മാപ്പ് പറയണം എന്ന് അഭ്യർഥിക്കുന്നു.

TAGS :

Next Story