ഒന്നിച്ച് നീങ്ങേണ്ട സമയം, സുധീരന്‍ സമിതിയില്‍ വേണം: ചര്‍ച്ച നടത്തുമെന്ന് ചെന്നിത്തല
കൂടിയാലോചനകൾ ഇല്ലെന്ന പരാതി നേതൃത്വം ചർച്ച ചെയ്യണമെന്ന് എം എം ഹസന്‍
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വി എം സുധീരനുമായി ചർച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നിച്ച് നീങ്ങേണ്ട സമയമാണിത്. ചർച്ച നടത്തിയിട്ടില്ല എന്ന അഭിപ്രായമില്ല. സമിതിയിൽ സുധീരൻ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
സുധീരന്‍റെ രാജി നിർഭാഗ്യകരമാണെന്ന് എം എം ഹസന്‍ പ്രതികരിച്ചു. അദ്ദേഹവുമായി സംസാരിച്ച് വിഷയം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു. ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടിയാലോചനകൾ ഇല്ലെന്ന പരാതി നേതൃത്വം ചർച്ച ചെയ്യണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവർ താമസിയാതെ സുധീരനെ നേരില്‍ കണ്ട് ചർച്ച നടത്തും. സതീശന്‍ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഇതിനുള്ള നീക്കം ഉണ്ടാവും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഇന്നും നാളെയും തിരുവനന്തപുരത്ത് ഉണ്ട്. അദ്ദേഹവും വി.എം സുധീരനുമായി ആശയവിനിമയം നടത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ രാജിവെച്ച വി.എം സുധീരന്‍റെ നടപടിയോട് കെ.പി.സി.സി അധ്യക്ഷന് കടുത്ത അമർഷമുണ്ട്.
രാജിവിവരം അറിയിക്കാനായി വിളിച്ചപ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന ആവശ്യം സുധാകരന്‍ മുന്നോട്ട് വെച്ചെങ്കിലും സുധീരന്‍ വഴങ്ങിയില്ല. സുധീരന്‍ ഈ സമയത്ത് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് പിന്‍വാങ്ങുന്നത് ഗുണം ചെയ്യില്ലെന്ന നിലപാടാണ് പൊതുവെ നേതാക്കള്‍ക്കുള്ളത്. തെറ്റായ സന്ദേശം പൊതുസമൂഹത്തിന് നല്‍കുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ രാജി പിന്‍വലിക്കാനായി സുധീരന് മേല്‍ കടുത്ത സമ്മർദം ചെലുത്തും.
Adjust Story Font
16