ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയിൽ; മുടിമുറിച്ച് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം
വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്നും സർക്കാർ ചർച്ചയ്ക്കുപോലും തയാറാകുന്നില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി
റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. കാലാവധി നീട്ടുന്നത് പ്രായോഗികമല്ലെന്നാണ് പിഎസ്‌സിയുടെ വാദം. നിലപാടിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ ഉദ്യോഗാർത്ഥികൾ മുടിമുറിച്ചു പ്രതിഷേധിച്ചു.
493 റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി ഈ മാസം നാലിന് അവസാനിക്കും. ഇത്രയും ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പ്രായോഗികമല്ലെന്ന് പിഎസ്‌സി ഹരജിയിൽ വ്യക്തമാക്കി. അതിനാൽ എൽജിഎസ് റാങ്ക്‌ലിസ്റ്റ് നീട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കമ്മീഷന്റെ ആവശ്യം. ഹൈക്കോടതിയിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നാണ് എൽജിഎസ് ഉദ്യോഗാർത്ഥികൾ ഇതിന് നൽകിയ മറുപടി.
നേരത്തെ, ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. സാധാരണ ഗതിയിൽ ഒരു വർഷമാണ് റാങ്ക്‌ലിസ്റ്റ് കാലാവധി. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. ആഗസ്റ്റ് നാലിന് അവസാനിക്കുന്ന എല്ലാ റാങ്ക്‌ലിസ്റ്റുകൾക്കും മൂന്നുവർഷം കാലാവധി കഴിഞ്ഞിട്ടുണ്ട്. നിയമന നിരോധനം ഉണ്ടെങ്കിലേ മൂന്ന് വർഷത്തിൽ കൂടുതൽ നീട്ടാൻ കഴിയൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സർക്കാരിന്റെയും പിഎസ്‌സിയുടെയും നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സെക്രട്ടേറിയറ്റിനുമുൻപിൽ സമരത്തിലുള്ള ഉദ്യോഗാർത്ഥികൾ മുടിമുറിച്ചു പ്രതിഷേധിച്ചത്. വനിത സിവിൽ പൊലീസ് ഓഫീസർ ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു സമരം. സെക്രട്ടേറിയറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ചു. കോവിഡ്, പ്രളയ കാലഘട്ടത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അത് കണക്കിലെടുത്ത് റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. വനിതകളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്നും സർക്കാർ ചർച്ചയ്ക്കുപോലും തയാറാകുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ലിസ്റ്റിന്റെ പേരിൽ സർക്കാർ തുടരുന്ന കടുംപിടിത്തം അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഒരു വട്ടമെങ്കിലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകണം. വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16