Quantcast

ഭീതി പടര്‍ത്തി എലിപ്പനി വ്യാപനം; ഈ മാസം മരിച്ചത് 9 പേർ, 20 ദിവസത്തിനിടെ 218 രോഗികൾ

പത്ത് മാസത്തിനിടെ 163 പേരുടെ ജീവൻ എലിപ്പനി മൂലം നഷ്ടപ്പെട്ടു

MediaOne Logo

Web Desk

  • Published:

    25 Oct 2024 1:32 AM GMT

rat fever cases
X

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയൊഴിയാതെ എലിപ്പനി വ്യാപനം. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 25 പേർ എലിപ്പനി ബാധിച്ചും ലക്ഷണങ്ങളോടെയും മരിച്ചു. എല്ലാ ജില്ലകളിലും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. പത്ത് മാസത്തിനിടെ 163 പേരുടെ ജീവൻ എലിപ്പനി മൂലം നഷ്ടപ്പെട്ടു.

ഓരോ മാസത്തെയും കണക്കുകൾ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമെന്ന് ആരോഗ്യ വകുപ്പ് ആവർത്തിക്കുന്നു. അപ്പോഴും പകർച്ചവ്യാധി പ്രതിരോധം എങ്ങുമെത്തിയിട്ടില്ല. വൈറൽ പനിയും ഡെങ്കിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സ തേടുന്നവർ ഏറെയുണ്ടെങ്കിലും ആശങ്കയാകുന്നത് എലിപ്പനിയാണ്. പ്രതിദിനം പത്തിലധികം ആളുകളിൽ എലിപ്പനി സ്ഥിരീകരിക്കുന്നു. എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം ഇരട്ടിയിലധികവും. ഈ മാസം 208 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഒമ്പത് മരണം സംഭവിച്ചു. രോഗലക്ഷണങ്ങളോടെ എത്തിയവർ 151. എലിപ്പനി മരണം സംശയിക്കുന്നത് 16 പേർക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി എലിപ്പനി വ്യാപനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

എലിപ്പനി സ്ഥിരീകരിച്ചും സംശയിച്ചും ഇക്കഴിഞ്ഞ പത്ത് മാസത്തിനിടെ 300 ലധികം പേർക്ക് ജീവൻ നഷ്ടമായി. ബോധവത്കരണവും രോഗപ്രതിരോധ ഗുളിക കഴിക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ ഓർമപ്പെടുത്തലും നടക്കുന്നതൊഴിച്ചാൽ രോഗവ്യാപനം തടയാനാകുന്നില്ല. രോഗനിർണയത്തിലുണ്ടാകുന്ന താമസവും മരണക്കണക്ക് ഉയർത്തുന്നു. കഴിഞ്ഞ മാസങ്ങളിൽ കൂടുതലായി ഉണ്ടായിരുന്ന ഡെങ്കി കേസുകളിൽ നേരിയ കുറവ് വന്നിട്ടുണ്ട്. അതേസമയം വൈറൽപനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരത്തിന് മുകളിൽ രോഗികളാണ്.



TAGS :

Next Story