റേഷൻ കാർഡ് മസ്റ്ററിങ്: അന്ത്യശാസനവുമായി കേന്ദ്രസർക്കാർ; ബുധനാഴ്ച മുതൽ മസ്റ്ററിങ് ആരംഭിക്കും
റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സർക്കാർ. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിക്കും. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം.
റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങും ഇ-പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി.
റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ സർക്കാരിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് മറ്റന്നാൾ മുതൽ മസ്റ്ററിങ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്.
ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിങ്. റേഷൻ കടകൾക്ക് പുറമേ അംഗനവാടികൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്. റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16