Quantcast

'മുഖ്യമന്ത്രി നാട്ടിലില്ലാത്ത സമയത്തെ റവന്യൂ വകുപ്പിന്‍റെ നീക്കത്തിൽ ദുരൂഹത': പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ രവീന്ദ്രന്‍

മൂന്നാറിലും ദേവികുളത്തുമായി വൻ അഴിമതിക്കുള്ള സാധ്യതയാണ് പുതിയ തീരുമാനത്തിലൂടെ തുറക്കുന്നതെന്ന് രവീന്ദ്രന്‍

MediaOne Logo

Web Desk

  • Published:

    20 Jan 2022 3:07 AM GMT

മുഖ്യമന്ത്രി നാട്ടിലില്ലാത്ത സമയത്തെ റവന്യൂ വകുപ്പിന്‍റെ നീക്കത്തിൽ ദുരൂഹത: പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ രവീന്ദ്രന്‍
X

താൻ നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയ പട്ടയങ്ങള്‍ അനുവദിക്കാനുള്ള സർക്കാർ നീക്കം പുനപ്പരിശോധിക്കണമെന്ന് ദേവികുളം മുന്‍ അഡീഷനൽ തഹസിൽദാർ എം.ഐ രവീന്ദ്രൻ. കളക്ടറുടെ അനുമതിയോടെയാണ് പട്ടയങ്ങള്‍ നൽകിയത്. മുഖ്യമന്ത്രി നാട്ടിലില്ലാത്ത സമയത്തെ റവന്യൂ വകുപ്പിന്റെ നീക്കത്തിൽ ദുരൂഹതയുണ്ട്. മൂന്നാറിലും ദേവികുളത്തുമായി വൻ അഴിമതിക്കുള്ള സാധ്യതയാണ് പുതിയ തീരുമാനത്തിലൂടെ തുറക്കുന്നതെന്നും രവീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.

സർക്കാർ തീരുമാനം ഒരുപാട് നിയമക്കുരുക്കുകൾ ഉണ്ടാക്കും. നിയമക്കുരുക്കൊഴിവാക്കി മുൻകാല പ്രാബല്യത്തോടെ പട്ടയം ക്രമവൽക്കരിക്കണം. പലരും കൃഷി, വീട് ആവശ്യങ്ങൾക്ക് വാങ്ങിയ പട്ടയം വാണിജ്യ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത്. കെ.ഡി.എച്ച് വില്ലേജിൽ പട്ടയം നൽകിയത് കളക്ടർ നേരിട്ടാണെന്നും രവീന്ദ്രന്‍ പറഞ്ഞു.

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള തീരുമാനത്തില്‍ മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണിയും വിയോജിപ്പ് അറിയിച്ചു. പട്ടയം റദ്ദാക്കിയതിന്‍റെ നിയമവശങ്ങൾ പരിശോധിക്കണം. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്‍ത പട്ടയങ്ങളാണിത്. പട്ടയം ലഭിക്കുന്നതിന് മുന്‍പുതന്നെ പാര്‍ട്ടി ഓഫീസുകള്‍ ആ ഭൂമിയിലുണ്ടായിരുന്നു. പാർട്ടി ഓഫീസുകളെ തൊടാന്‍ അനുവദിക്കില്ലെന്നും എം എം മണി പറഞ്ഞു.

ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം ഐ രവീന്ദ്രന്‍ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 1999ല്‍ മൂന്നാറില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. 530 പട്ടയങ്ങള്‍ റദ്ദാക്കാനാണ് റവന്യൂ വകുപ്പ് തീരുമാനമെടുത്തത്. 45 ദിവസത്തിനകം പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നാല് വര്‍ഷം നീണ്ട പരിശോധനകള്‍ക്കു ശേഷമാണ് റവന്യൂ വകുപ്പിന്റെ നടപടി. അതേസമയം അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.



TAGS :

Next Story