ഇടുക്കിയിൽ രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പുതിയ പട്ടയം നൽകാനുള്ള നടപടി മന്ദഗതിയിൽ
45ദിവസത്തിനകം പട്ടയം നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ല
ഇടുക്കി: ഇടുക്കിയിൽ റദ്ദ് ചെയ്ത രവീന്ദ്രൻ പട്ടയങ്ങൾക്ക് പകരം പുതിയ പട്ടയം നൽകാനുള്ള നടപടികൾ മന്ദഗതിയിൽ. 45 ദിവസത്തിനകം അർഹരായവർക്ക് പുതിയ പട്ടയം എന്നായിരുന്നു സർക്കാർ വാഗ്ദാനം. 2022 ജനുവരിയിലാണ് നിയമസാധുതയില്ലെന്ന കാരണത്താൽ രവീന്ദ്രൻ പട്ടയം റദ്ദ് ചെയ്ത് ഉത്തരവിറങ്ങിയത്.
ലാൻ്റ് അസൈൻമെൻ്റ് കമ്മിറ്റി ശിപാർശയുടെ പേരിൽ 1999 ൽ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി 531 പട്ടയങ്ങളാണ് അന്നത്തെ അഡീഷണൽ തഹസീൽദാരായിരുന്ന എം.ഐ രവീന്ദ്രൻ നൽകിയത്. പട്ടയം നൽകാൻ കലക്ടർക്ക് അധികാരമുള്ള KDH വില്ലേജിൽ മാത്രം 127 പട്ടയങ്ങൾ വിതരണം ചെയ്തു. 4251 ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. കലക്ടറായിരുന്ന വി.ആർ പത്മനാഭൻ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയെന്നായിരുന്നു രവീന്ദ്രൻ്റെ അവകാശവാദം. രവീന്ദ്രൻ പട്ടയം ലഭിച്ചവയിൽ ഏറിയ പങ്കും പത്ത് സെന്റിൽ താഴെയുള്ള സ്ഥലങ്ങളാണ്. പട്ടയ ഭൂമിയിൽ പാർട്ടി ഓഫീസുകളും റിസോർട്ടുകളും ഉണ്ട്.
45 പേരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേൽ നോട്ടത്തിൽ 45 ദിസത്തിനകം പുതിയ പട്ടയം. ഇങ്ങനെയായിരുന്നു സർക്കാർ പ്രഖ്യാപനം. ഉത്തരവിറങ്ങി ഒരു വർഷവും ഏഴ് മാസവും പിന്നിട്ടിട്ടും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രത്യേക സംഘവും ജില്ലയിൽ നിന്ന് മടങ്ങുകയും ചെയ്തു.
531 പട്ടയങ്ങളിൽ ഹിയറിംഗ് നടത്തി 472 പട്ടയങ്ങളാണ് റദ്ദ് ചെയ്തത്. 59 പട്ടയങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതു വരെ ലഭിച്ച പുതിയ അപേക്ഷകൾ കേവലം 264 എണ്ണമാണ്. ദേവികുളം താലൂക്കിലെ 69 പേർക്ക് മാത്രമാണ് പുതിയ പട്ടയങ്ങൾ വിതരണം ചെയ്തത്. രേഖകൾ ഹാജരാക്കാൻ ഭൂവുടമകളെടുക്കുന്ന കാലതാമസവും ജീവനക്കാരുടെ കുറവുമാണ് നടപടികൾ വൈകാൻ പ്രധാന കാരണം.
Adjust Story Font
16