കേസ് അന്വേഷണത്തിന്റെ പേരിൽ പൊലീസ് അവഹേളനം; വിമർശനവുമായി പൊതുപ്രവർത്തകൻ
1935ൽ കേരള തിയ്യ യൂത്ത് ലീഗ് പുറത്തിറക്കിയ 'അസവർണർക്ക് നല്ലത് ഇസ്‌ലാം' എന്ന പുസ്തകം എഡിറ്റ് ചെയ്തുവെന്ന കേസിലാണ് പൊലീസ് റാസിഖ് റഹീമിനെ പ്രതി ചേർത്തത്.
കോഴിക്കോട്: കേസ് അന്വേഷണത്തിന്റെ പേരിൽ പൊലീസ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമിടയിൽ അവഹേളിക്കാൻ ശ്രമിച്ചതായി ആരോപണം. പൊതുപ്രവർത്തകനായ റാസിഖ് റഹീമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അനുഭവം പങ്കുവച്ചത്. ഞായറാഴ്ചയാണ് കോഴിക്കോട്ട് സിറ്റി പൊലീസിലെ ഒരു ഉദ്യോഗസ്ഥനും ഈരാറ്റുപേട്ട സ്റ്റേഷനിനെ ഒരു ഉദ്യോഗസ്ഥനും റാസിഖിനെ തേടിയെത്തിയത്. രാവിലെ മുതൽ നാട്ടുകാരോടും സുഹൃത്തുക്കളോടും തന്നെക്കുറിച്ച് അന്വേഷിച്ച് റാസിഖിനെ പൊലീസ് തിരയുന്നു എന്ന പ്രതീതിയുണ്ടാക്കിയ ശേഷമാണ് ഇവർ വീട്ടിലെത്തിയതെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
2010ൽ നന്മ ബുക്‌സിനെതിരെ എടുത്ത കേസിലാണ് പൊലീസ് റാസിഖിനെ പ്രതി ചേർത്തത്. 1935ൽ കേരള തിയ്യ യൂത്ത് ലീഗ് പുറത്തിറക്കിയ അസവർണർക്ക് നല്ലത് ഇസ്‌ലാം എന്ന പുസ്തകം എഡിറ്റ് ചെയ്തുവെന്നാണ് കേസ്. മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ പ്രത്യേക നിർദേശ പ്രകാരം എടുത്ത കേസായിരുന്നു അതെന്ന് റാസിഖ് ആരോപിക്കുന്നു. 1979ൽ ജനിച്ച താൻ 1935ൽ ഇറങ്ങിയ പുസ്തകം എങ്ങനെ എഡിറ്റ് ചെയ്തുവെന്ന് ഇന്നും മനസ്സിലായിട്ടില്ലെന്നും റാസിഖ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ, എന്നെത്തെരഞ്ഞ് രണ്ട് പോലീസുകാരെത്തി. ഒരാൾ കോഴിക്കോട് നഗരം പോലീസ് സ്റ്റേഷനിൽ നിന്നും അപരൻ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ നിന്നും. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു പോലീസുകാരൻ എന്നെ അന്വേഷിച്ചു വരുന്നത്.
കാലത്ത് പതിനൊന്നു മണി കഴിഞ്ഞ നേരത്താണ് പോലീസുകാർ വീട്ടിൽ വന്നത്. ഞാൻ അവരെ കാത്തിരിക്കുകയായിരുന്നു. കാത്തിരിക്കാൻ ഒരു കാരണമുണ്ട്.
രാവിലെ 9 മണിക്ക് Ameer Madathil ആണ് പോലീസ് അന്വേഷിച്ചെത്തിയ വിവരം ആദ്യം വിളിച്ചറിയിച്ചത്. ഷോപ്പിലാണ് ആദ്യം അവരെത്തിയത്. പിന്നെ പിന്നെ പലരുടെ ഫോൺ കോളായി: നിങ്ങളെ തെരെഞ്ഞ് പോലീസ് വന്നിരുന്നു.
ആ കാത്തിരിപ്പ് തുടങ്ങിയിട്ട് മണിക്കൂറായിട്ടും അവരെത്തിയില്ല. പതിനൊന്നു മണി കഴിഞ്ഞ നേരത്ത് വീടിന് തൊട്ടു മുന്നിലെ വീട്ടിലെ ഇത്ത അടുക്കള ഭാഗത്തേക്ക് ഓടി വന്നു പറഞ്ഞു: റാസിക്കേ, പോലീസ്.
രാവിലെ മുതൽ തുടങ്ങിയതാണ് ഇവന്മാരുണ്ടാക്കുന്ന പൊല്ലാപ്പ്. കൈയിൽ കിട്ടിയാൽ ഞെരിച്ചു കളയാനുള്ള ദേഷ്യത്തിൽ നിൽക്കുമ്പോളാണ് ബുള്ളറ്റിൽ രണ്ടു പേരെത്തി, റാസിക്കല്ലേ എന്നു ചോദിച്ചത്. ഷോപ്പുകളിലും അയൽപക്കത്തെ വീടുകളിലും നാട്ടുകാരെയും ഒക്കെ എടങ്ങേറാക്കിയാണ് അവന്മാരുടെ വരവ്.
വന്നപാടെ ആരാണ്, എന്താണാവശ്യം എന്ന് അന്വേഷിച്ചു. പോലീസിൽ നിന്നാണെന്ന് അവർ മറുപടി പറഞ്ഞു. "2010 ൽ നിങ്ങളുടെ പേരിൽ കോഴിക്കോട് ഒരു പെൻ്റിങ് കേസുണ്ട്. അതിൻ്റെ സ്റ്റാറ്റസ് അറിയാൻ വന്നതാണെന്ന്" എന്ന് പോലീസുകാരൻ. "അതറിയാൻ ഇവിടെയുള്ള ഷോപ്പുകളിലും വീടുകളിലും നിങ്ങൾ കയറിയിറങ്ങുന്നതെന്തിനാണ്? മാത്രവുമല്ല ; എൻ്റെടുത്തു വന്ന് ഞാൻ പറഞ്ഞു തരേണ്ട വിവരമല്ലല്ലോ അത്. അതുകൊണ്ട് ആളറിഞ്ഞ് പെരുമാറുക. കേരളത്തിൽ അത്യാവശ്യം അറിയുന്ന പൊതുപ്രവർത്തകനാണ് ഞാൻ. ഇവിടുത്തെ പള്ളിയുടെ സെക്രട്ടറിയുമാണ്. അതുകൊണ്ട് ഒത്തിരി അഭ്യാസം ഇവിടെ, ഈ നാട്ടിൽ വന്ന് കാണിക്കരുത്. മാന്യമായി ജീവിക്കുന്ന ഒരാളാണ് ഞാൻ."
"റാസിക്, നിങ്ങളെന്തിനാണ് എന്നോട് ദേഷ്യപ്പെടുന്നത്? നിങ്ങളോട് മോശമായിട്ടൊന്നും ഞാൻ പെരുമാറിയിട്ടില്ലല്ലോ?" "പോലീസിൽ നിന്നാണെന്നും പറഞ്ഞ് അയൽപക്കത്തെ വീടുകളിൽ കയറിയിറങ്ങിയിട്ട് മോശമായിട്ട് പെരുമാറിയില്ലെന്നോ? നിങ്ങൾക്കെന്തെങ്കിലും അറിയണമെങ്കിൽ എൻ്റടുത്ത് വരിക. നാട്ടുകാരെ എടങ്ങേറാക്കരുത്. പിന്നെ, പിടികിട്ടാപ്പുള്ളിയോ, പോക്കറ്റടിക്കാരനോ ഒന്നുമല്ല ഞാൻ. പബ്ലിക് സ്പേസിൽ ലൈവായി നിൽക്കുന്ന ഒരാളാണ്. ആ മാന്യത തിരിച്ചും കാണിക്കുക." ഞാൻ പറഞ്ഞു.
"വീടുകളിലും ഷോപ്പുകളിലും നിങ്ങളുടെ സ്വഭാവത്തെ കുറിച്ചാണ് ചോദിച്ചത്. അവരെല്ലാവരും നിങ്ങളെക്കുറിച്ച് നല്ലതു മാത്രമാണ് പറഞ്ഞത്. അതാണ് ഞാൻ റിപ്പോർട്ടാക്കി കൊടുക്കുന്നത്." "എൻ്റെ conduct Certificate ൻ്റെ കാര്യത്തിൽ പോലീസുകാര് bother ചെയ്യേണ്ട കാര്യമില്ല."
"റാസിക്, ഇവിടെ വന്നു എന്നതിൻ്റെ തെളിവായി ആധാർ കാർഡിൻ്റെ ഒരു കോപ്പി തരാമോ?" "ഒരാൾ വന്നു ചോദിച്ചാലുടനെ അതെങ്ങിനെയാണ് എടുത്തു തരിക. വക്കീലിനോട് ചോദിക്കട്ടെ."
"റാസിക്, എങ്ങനെയെങ്കിലും തരണം. ഇല്ലെങ്കിൽ ഇവിടെ വരാതെ ഓഫീസിലിരുന്ന് റിപ്പോർട് തയ്യാറാക്കിയതാണെന്ന് അവന്മാർ പറയും." ഞാൻ പറഞ്ഞു: "അതിന് ആധാർ കാർഡ് വേണ്ടല്ലോ. ഒന്നിച്ചൊരു സെൽഫി എടുത്താൽ പോരേ?" അയാൾക്കതു പോരായിരുന്നു.
അവസാനം ഞാൻ ചോദിച്ചു: പെൻ്റിങ് കേസുള്ള എത്ര ആളുകളുടെ അടുത്ത് നിങ്ങൾ പോയി? അയാൾ പറഞ്ഞു: ''നിങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കാൻ മാത്രമാണ് എന്നെ ഏൽപിച്ചത്." ഞാൻ പറഞ്ഞു: " ഈ അസുഖത്തിൻ്റെ പേരാണ് ഇസ്ലാം ഭീതി. പൊതു പ്രവർത്തകരായ ആളുകളെ നാട്ടുകാർക്ക് മുന്നിൽ ഭയപ്പെടുത്തി നിറുത്തുക. അത് ചെലവാകാത്ത സ്ഥലമാണിത് എന്നുമാത്രം നിങ്ങൾ മനസ്സിലാക്കുക.
"റാസിക് നിങ്ങളെന്താണ് പറയുന്നത്. എനിക്ക് മുസ്ലിങ്ങളോട് വെറുപ്പുണ്ടെന്നോ? അതുമാത്രം നിങ്ങൾ പറയരുത്. എൻ്റെ കൂട്ടുകാരിലധികവും മുസ്ലിങ്ങളാണ്."
"അങ്ങനെയല്ലെങ്കിൽ നിങ്ങൾക്ക് കൊള്ളാം" സംസാരം അവസാനിപ്പിച്ചു.
Adjust Story Font
16