ഇരട്ട ചങ്കല്ല, ഓട്ട ചങ്കാണ്; ഏത് ഗോവിന്ദൻ വന്നാലും ഞാൻ ജയിക്കും, കണ്ണൂരിലും മത്സരിക്കാൻ തയ്യാര്‍- സുരേഷ് ഗോപി
''ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ്. അന്തംകമ്മി കൂട്ടങ്ങൾ, ചൊറിയാൻ മാക്രി കൂട്ടങ്ങൾ ഇനിയും ട്രോളാൻ വരും, ഏത് ഗോവിന്ദൻ വന്നാലും ഞാൻ തൃശൂർ എടുക്കും...''- സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലോ അല്ലെങ്കിൽ കണ്ണൂരിലോ മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. ഏത് ഗോവിന്ദൻ വന്നാലും തൃശൂരിൽ താൻ ജയിക്കുമെന്നും ഇരട്ട ചങ്കുകളാണ് എന്ന് പറയുന്നവർ ഇപ്പോൾ ഓട്ട ചങ്കുകളാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ഡയലോഗുകള്‍.
'ബ്രഹ്‌മപുരം വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തിയില്ലെങ്കില്‍ കേന്ദ്രത്തോട് അപേക്ഷിക്കണം, ഇവിടെ എന്താണ് നടക്കുന്നത്? ജനങ്ങള്‍ സംസ്ഥാന സർക്കാരിനോട് കാലു പിടിച്ച് അപേക്ഷിക്കുന്നു'. സുരേഷ് ഗോപി പറഞ്ഞു
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുപാട് ട്രോളുകള്‍ക്ക് വിധേയമായ ഡയലോഗ് സുരേഷ് ഗോപി തൃശൂരില്‍ വീണ്ടും ആവര്‍ത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തി ആയിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ പ്രവർത്തനങ്ങള്‍ക്ക് തുടക്കമിടാനാണ് അമിത് ഷാ തൃശൂരിലെത്തിയത്.
'ഈ തൃശൂർ എനിക്ക് വേണം, നിങ്ങൾ എനിക്ക് തൃശൂർ തരണം. ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ്. അന്തംകമ്മി കൂട്ടങ്ങൾ, ചൊറിയാൻ മാക്രി കൂട്ടങ്ങൾ ഇനിയും ട്രോളാൻ വരും, ഏത് ഗോവിന്ദൻ വന്നാലും ഞാൻ തൃശൂർ എടുക്കും'. രാഷ്ട്രീയമല്ല കരുണയും കരുതലുമാണ് കാട്ടിയതെന്നും ചാരിറ്റി രാഷ്ട്രീയം ആക്കാൻ പാടില്ലെങ്കില്‍ ഈ നുണയുടെ, ചതിയുടെ, വഞ്ചനയുടെ രാഷ്ട്രീയം നിർത്തണമെന്നും സുരേഷ് ഗോപി പറയുന്നു.
ഇരട്ട ചങ്കുകളാണ് എന്ന് പറയുന്നവർ ഇപ്പോൾ ഓട്ട ചങ്കുകളാണെന്നും ആ ഓട്ട ചങ്കുകളാണ് മേനി ചമഞ്ഞു നടക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. 2024ൽ നിങ്ങളുടെയൊക്കെ അടിത്തറ ഇളക്കും, കണ്ണൂരിലും മത്സരിക്കാൻ തയ്യാറാണ്'. സഹകരണ സ്ഥാപനങ്ങളിലെ അഴിമതികളുമായി ബന്ധപ്പെട്ട വിഷയങ്ങളും സുരേഷ് ഗോപി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സഹകരണ സ്ഥാപനങ്ങള്‍ കോർപറേറ്റീവ് നിയമത്തിന്‍റെ കീഴിൽ കൊണ്ട് വരണമെന്നായിരുന്നു സുരേഷ് ഗോപിയുടെ ആവശ്യം.
വിഷുവിനു വീണ്ടും താന്‍ വരുമെന്നും കൈനീട്ടം കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 'വിഷുവിനു ഞാന്‍ വീണ്ടും വരും, കൈനീട്ടം കൊടുക്കും, ആളുകൾ കാല്‍ തൊട്ട് തൊഴുകയും ചെയ്യും, ഞാൻ തടയില്ല, ആർക്കൊക്കെ എന്തൊക്കെ പൊട്ടുമെന്ന് കാണണം.' സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16