Quantcast

തോൽവിക്ക് കാരണം സർക്കാരിനെതിരായ വികാരം; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം

സി. രവിന്ദ്രനാഥും തോമസ് ചാഴികാടനും മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും കെ.ജെ ഷൈൻ നിരാശപ്പെടുത്തിയെന്നും യോ​ഗം വിലയിരുത്തി.

MediaOne Logo

Web Desk

  • Updated:

    2024-06-11 19:29:22.0

Published:

11 Jun 2024 5:23 PM GMT

General meeting of CPM against vilification of Veena George,latestnews
X

കൊച്ചി: സംസ്ഥാന സർക്കാറിനെതിരായ വികാരം എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. മുസ്‌ലിം വോട്ടുകൾ സമ്പൂർണമായി ചോർന്നു. ക്രൈസ്തവ വോട്ടുകൾ ഇത്തവണയും എൽഡിഎഫിന് ലഭിച്ചില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിടക്കം കനത്ത തോൽവിയാണ് സിപിഎമ്മിന് നേരിടേണ്ടിവന്നത്. ഇതിന്റെ കാരണങ്ങൾ സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്താൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമർശനം. യോഗത്തിൽ മണ്ഡലങ്ങളിലെ കണക്കുകൾ അവതരിപ്പിച്ച ശേഷമായിരുന്നു ഇത്തരമൊരു വിലയിരുത്തൽ.

മണ്ഡലത്തിൽ മുസ്‌ലിം വോട്ടുകൾ ചോർന്നതിനൊപ്പം സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന ഈഴവ വോട്ടുകളിലും ചോർച്ചയുണ്ടായി. ഇക്കാര്യം ഗൗരവതരമായി പരിശോധിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.

ക്രൈസ്തവ വോട്ടുകൾ നേരത്തെയും യുഡിഎഫിന് ലഭിച്ചിരുന്നു. ഇത്തവണ അത് എൽഡിഎഫ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. എറണാകുളം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ 2000 വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ബിജെപിയുടെ മുന്നേറ്റവും എൽഡിഎഫിന് വലിയ ഭീഷണിയായെന്നും അത് പരിശോധിച്ച് നടപടിയെടുക്കണമെന്നും യോ​ഗത്തിൽ നിർദേശമുയർന്നു.

സി. രവിന്ദ്രനാഥും തോമസ് ചാഴികാടനും മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും കെ.ജെ ഷൈൻ നിരാശപ്പെടുത്തിയെന്നും യോ​ഗം വിലയിരുത്തി. ജില്ലാ കമ്മിറ്റി യോ​ഗത്തിന്റെ പ്രാഥമിക വിലയിരുത്തലുൾപ്പെടെ സംസ്ഥാന കമ്മിറ്റിക്ക് കൈമാറാനാണ് തീരുമാനം. 2.4 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ.ജെ ഷൈനെ തോൽപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ എറണാകുളം സീറ്റ് നിലനിർത്തിയത്.

സംസ്ഥാനത്ത് ആലത്തൂർ സീറ്റ് മാത്രമാണ് ഇത്തവണ എൽഡിഎഫിന് നേടാനായത്. കൈയിലുണ്ടായിരുന്ന ആലപ്പുഴ നഷ്ടമായപ്പോൾ ആലത്തൂർ തിരിച്ചുപിടിക്കുകയായിരുന്നു. തോൽവിയിൽ നേരത്തെ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം ആണ് തോൽവിക്ക് കാരണമെന്നായിരുന്നു വിമർശനം.

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം മാറണം. മുന്നണി കൺവീനർ ബി.ജെ.പി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.




TAGS :

Next Story