മിഠായിതെരുവിലെ തീപിടിത്തങ്ങളുടെ കാരണം വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട്
റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷനും കൈമാറും.
കോഴിക്കോട് മിഠായിതെരുവിലെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് പൊലീസിന്‍റെ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ട്. കടമുറികള്‍ തമ്മില്‍ അകലമില്ലാത്തത് തീപിടിത്തം പോലുള്ള അപകടങ്ങളുടെ ആഘാതം കൂട്ടും. പല കടകളിലും അളവില്‍ കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷനും കൈമാറും.
മിഠായിതെരുവില്‍ സെപ്തംബര്‍ 10നുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ ഉമേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗൌരവമേറിയ പരാമര്‍ശങ്ങളുള്ളത്. മിഠായിതെരുവിലെ കടമുറികളിലധികവും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. പല കെട്ടിടങ്ങളിലും ഫയര്‍ എക്സിറ്റുകളില്ല. കോണിപ്പടികളിലും വരാന്തകളിലുമടക്കം സാധന സാമഗ്രികള്‍ സ്റ്റോക്ക് ചെയ്യുന്നു. തീപിടിത്തമുണ്ടായാല്‍ പെട്ടെന്ന് വ്യാപിക്കാന്‍ ഇത് കാരണമാകുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അത്യാഹിതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.
കടമുറികളില്‍ ജീവനക്കാര്‍ പാചകം ചെയ്യുന്നത് അപകടത്തിന് കാരണമാകും. ഒരു പ്ലഗ് പോയിന്‍റില്‍ നിന്നും നിരവധി വയറുകളുപയോഗിച്ചാണ് വൈദ്യുതി എടുക്കുന്നത്. വയറിംഗുകള്‍ പലതും പഴക്കമേറിയതിനാല്‍ അപകടാവസ്ഥയിലാണ്. ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ പോലുള്ള സംവിധാനങ്ങളുടെ അഭാവം പ്രതിസന്ധിയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Adjust Story Font
16