Quantcast

ഗവർണറുടെ കത്ത് കിട്ടി, ഇന്ന് മറുപടി നൽകും: എം.ജി വൈസ് ചാൻസലർ

ഇന്ന് രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാർ രാജിവെക്കണമെന്നാണ് ഗവർണറുടെ നിർദേശം

MediaOne Logo

Web Desk

  • Updated:

    2022-10-24 03:04:22.0

Published:

24 Oct 2022 3:01 AM GMT

ഗവർണറുടെ കത്ത് കിട്ടി, ഇന്ന് മറുപടി നൽകും: എം.ജി വൈസ് ചാൻസലർ
X

കോട്ടയം: രാജി ആവശ്യപ്പെട്ടുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത് കിട്ടിയെന്നും രാജിവെക്കുന്ന കാര്യത്തിൽ പഠിച്ച ശേഷം ഇന്ന് മറുപടി നൽകുമെന്നും എം.ജി വൈസ് ചാൻസിലർ സാബു തോമസ്. രാജിവെക്കാൻ വി.സിമാർക്ക് ഗവർണർ നൽകിയ അന്ത്യശാസനം ഇന്ന് 11.30 ന് തീരും. ഇതിന് മുന്നോടിയായാണ് സാബു തോമസിന്റെ പ്രതികരണം.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കമെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അതിന് മുമ്പ് തന്നെ വി.സിമാർക്കെതിരായ നടപടിക്ക് രാജ്ഭവൻ ഒരുങ്ങിയിട്ടുണ്ടെന്ന് ഇതിനോടകം വ്യക്തമായി. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ അസാധാരണമായ നീക്കവുമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോട് ഗവർണർ രാജിയാവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11.30ന് മുമ്പ് ഒമ്പത് വി.സിമാരും രാജിവെക്കണമെന്നാണ് ആവശ്യം.

കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഇപ്പോൾ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.

ഗവർണർക്കെതിരെ തുറന്ന പോരാട്ടത്തിന് ഇന്നലെ ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. രാജ്ഭവൻ ധർണ അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എൽഡിഎഫ് യോഗത്തിൽ ധാരണയായി. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതവും അസാധാരണവുമായ കടുത്ത നീക്കവുമായി ഗവർണർ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഗവർണർക്ക് കീഴടങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് സർക്കാരിന്റെ നിലപാട്.

TAGS :

Next Story