നിയമനക്കോഴ കേസ്: മുൻ എ.ഐ.എസ്.എഫ് നേതാവ് കെ.പി.ബാസിത് അറസ്റ്റിൽ
മഞ്ചേരിയിൽ നിന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ബാസിത്തിനെ കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം: നിയമനക്കോഴ കേസിൽ എ.ഐ.എസ്.എഫ് മുൻ നേതാവ് കെ.പി.ബാസിത് അറസ്റ്റിൽ. മഞ്ചേരിയിൽ വച്ചാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ബാസിത്തിനെ കസ്റ്റഡിയിലെടുത്തത്. ബാസിതിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ബാസിത്ത് കേസിലെ നിർണായക കണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്.
ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പേര് എങ്ങനെ വന്നു എന്ന ചോദ്യത്തിന് തന്റെ കുടുംബ സുഹൃത്തായ കെ.പി ബാസിത്തിന്റെ നിർദേശപ്രകാരമാണ് അഖിൽ മാത്യുവിന്റെ പേര് പരാതിയിൽ ഉന്നയിച്ചതെന്നാണ് ഹരിദാസൻ മറുപടി നൽകിയത്. ബാസിത്തിൽ നിന്ന് കൂടുതൽ നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. അഖിൽ സജീവൻ, ലെനിൻ രാജ്, റഹീസ്, ബാസിത്ത് എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.
ഗുഢാലോചനയിൽ മറ്റാരെങ്കിലും പങ്കെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ ബാസിത്തിലും നിന്നും റഹീസിൽ നിന്നും വ്യക്തമായ മറുപടി ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇപ്പോൾ റഹീസിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ബാസിത്തിനെ കൂടി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് സാധ്യത. അതേസമയം ഇന്നലെയും ഇന്നും ചോദ്യം ചെയ്തിരുന്ന ഹരിദാസനെ ഇപ്പോൾ വിട്ടയച്ചിരിക്കുകയാണ്. ഹരിദാസന്റെ രഹസ്യമൊഴി നാളെ എടുക്കാനുള്ള സാധ്യതയുണ്ട്.
Adjust Story Font
16