പീഡനക്കേസിൽ നടൻ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് ഉടൻ; കീഴടങ്ങാൻ സാധ്യത കുറവ്
ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് ഉടൻ പുറത്തിറക്കിയേക്കും. ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്.
ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് കടന്നത്. ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്.
കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ തന്നെ ഇയാൾ ജോർജിയയിലേക്ക് കടന്നതായാണ് വിവരം. ഈ മാസം 24നകം ഹാജരാകാം എന്നാണ് പാസ്‌പോർട്ട് ഓഫീസർക്ക് വിജയ് ബാബു നൽകിയിരിക്കുന്ന ഉറപ്പ്. ദുബൈയിൽ നിന്ന് ജോർജിയയിലേക്ക് കടന്ന സാഹചര്യത്തിൽ വിജയ് ബാബു കീഴടങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. ഇതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കുന്ന കാര്യത്തിൽ വൈകിപ്പിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരുന്നത് വരെ നാട്ടിലേക്ക് മടങ്ങിയെത്തേണ്ട എന്ന തീരുമാനത്തിലാണ് വിജയ് ബാബു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കവും പ്രതിഭാഗം അഭിഭാഷകർ നടത്തിയിട്ടുണ്ട്.
Adjust Story Font
16