Quantcast

ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിഞ്ഞത് പ്രാദേശിക പാർട്ടികൾ ശക്തിപ്പെട്ടതുകൊണ്ട്; കർണാടകയിലും തെലങ്കാനയിലും ബി.ജെ.പി നേട്ടമുണ്ടാക്കി: മുഖ്യമന്ത്രി

ബി.ജെ.പിക്ക് സീറ്റുകൾ ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണം ഉത്തർപ്രദേശ് ആണ്. സമാജ്‌വാദി പാർട്ടിയാണ് അതിൽ മുഖ്യ പങ്കുവഹിച്ചതെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 Jun 2024 1:46 PM GMT

Pinarayi Vijayan
X

കോഴിക്കോട്: പ്രാദേശിക പാർട്ടികൾ ശക്തിപ്പെട്ടതുകൊണ്ടാണ് ഇത്തവണ ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാനൂറിലധികം സീറ്റ് നേടുമെന്ന് പറഞ്ഞാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് കിട്ടിയാൽ ഇഷ്ടമുള്ള പോലെ ഭരിക്കാം എന്നാണ് കരുതിയത്. രാജ്യത്തെ ജനങ്ങൾ കരുതൽ സ്വീകരിച്ചതുകൊണ്ട് അത് നടന്നില്ല. സംസ്ഥാനങ്ങൾതോറുമുള്ള വ്യത്യസ്തമായ നില ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്ക് സീറ്റുകൾ ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണം ഉത്തർപ്രദേശ് ആണ്. സമാജ്‌വാദി പാർട്ടിയാണ് മുഖ്യ പങ്ക് വഹിച്ചത്. അവർക്കൊപ്പമാണ് മറ്റു പാർട്ടികൾ അണിനിരന്നത്. മഹാരാഷ്ട്രയിൽ എൻ.സി.പിയും ശിവസേനയും അടക്കമുള്ള സഖ്യമാണ് ബി.ജെ.പിയെ നേരിട്ടത്. ആ പാർട്ടികളെ പിളർത്താൻ ബി.ജെ.പി ശ്രമിച്ചു. പ്രദേശികമായുള്ള വിവിധ സംസ്ഥാനങ്ങളിലെ യോജിപ്പിനാണ് ബി.ജെ.പിയെ നേരിടാൻ സാധിക്കുക. ബി.ജെ.പിയൂം കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിയാണ് നേട്ടമുണ്ടാക്കിയത്. കർണാടകയിലും തെലങ്കാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കി. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശികകക്ഷികൾ ശക്തിപ്പെട്ടതുകൊണ്ടാണ് ബി.ജെ.പിയെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ചെറിയ സീറ്റ് വ്യത്യാസമാണ് ബി.ജെ.പിയുമായുള്ളത്. പരാജയപ്പെടുത്താൻ കഴിയാത്ത ശക്തിയല്ല ബി.ജെ.പി എന്നാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് നേടാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് ഗൗരവപൂർവം പരിശോധിക്കണം. ഒട്ടേറെ ഘടകങ്ങൾ അതിനിടയാക്കിയിട്ടുണ്ട്. ബി.ജെ.പിയെ സഹായിച്ച ശക്തികൾ ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം. കേരളത്തിന് പുറത്ത് പരസ്പരം ഏറ്റുമുട്ടുമ്പോൾ കേരളത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒരുമിച്ച് നിൽക്കുകയാണ്. കേരളത്തിൽ ചില വിഭാഗങ്ങൾ അവസരവാദമപരമായി നിലപാടെടുത്തു. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത നിലപാടാണ് സ്വീകരിച്ചത്. ഒരുപാട് സഹോദരങ്ങൾ നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും ആക്രമണങ്ങൾ നേരിടുന്നു. അവരെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നവർ ഇത്തരം നിലപാടെടുത്തത് ശരിയാണോ എന്ന് പരിശോധിക്കണം. അവരൊക്കെ തിരുത്തുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story