'ഇടത് സർക്കാരിന്റെ ബന്ധു നിയമനങ്ങൾ റദ്ദാക്കണം'; വെൽഫെയർ പാർട്ടി
പി.എസ്.സി നിയമനങ്ങൾ പോലും അട്ടിമറിക്കുന്ന ലോബി സി.പി.എമ്മിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പാർട്ടി നേതാക്കളുടെ ഉറ്റ ബന്ധുക്കൾക്ക് ഉന്നത തസ്തികകളിൽ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. 'മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം നേതാവുമായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നടത്തിയ നിയമനം മതിയായ യോഗ്യതകളില്ലാതെയാണെന്ന കേരള ഹൈക്കോടതിയുടെ വിധി കേരളത്തിൽ ഇടതു സർക്കാർ നടത്തി വരുന്ന ബന്ധുനിയമനങ്ങൾക്കുള്ള തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
'വേറെയും നിരവധി നിയമങ്ങൾ കോടതി ഇടപെട്ടിട്ടുണ്ട്. നേരത്തേ കണ്ണൂർ സർവകലാശാലയിൽ തന്നെ സ്പീക്കർ എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് നൽകിയ നിയമനം കോടതി റദ്ദാക്കിയിരുന്നു.കേരളത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ കോടതിയിൽ പോകേണ്ട സ്ഥിതിയാണുള്ളത്. പി.എസ്.സി നിയമനങ്ങൾ പോലും അട്ടിമറിക്കുന്ന ലോബി സി.പി.എമ്മിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഹമീദ് വാണിയമ്പലം പറയുന്നു.
'താത്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ എന്നിവയെല്ലാം പാർട്ടി ഓഫീസിൽ നിന്നുള്ള ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ നടക്കൂ എന്ന സ്ഥിതിയാണുള്ളത്. കേരളത്തെ സി.പി.എം സെൽഭരണത്തിന് കീഴിലാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇത്തരം വഴിവിട്ട നിയമനങ്ങൾ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് രൂപ നൽകി അഭിഭാഷരെ നിയമിച്ച് അധിക ഭാരം കൂടി ജനങ്ങൾക്ക് വരുത്തുന്നുണ്ട്. കേരള ജനത ഇടതു സർക്കാരിന്റെ സ്വജന പക്ഷപാതം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16