'ഒരാൾക്ക് ഒരു പദവി' യെന്ന മുസ്‌ലിം ലീഗ് നയത്തിൽ ഇളവ്; മലപ്പുറത്ത് എം.എൽ. എ ജില്ലാ ജനറൽ സെക്രട്ടറി
സവിശേഷ സാഹചര്യമെന്ന് വിശദീകരണം
മലപ്പുറം: ഒരാൾക്ക് ഒരു പദവിയെന്ന മുസ്ലിം ലീഗ് നയത്തിൽ ഇളവ്. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി പി അബ്ദുൽ ഹമീദ് എം.എൽ.എയെ തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയുടെ സവിശേഷ സാഹചര്യത്തിലാണ് തീരുമാനമെന്നും പദവി നയത്തിൽ മാറ്റമില്ലെന്നുമാണ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വിശദീകരണം.
ഒരാൾക്ക് ഒരു പദവി നയം കർശനമായി നടപ്പാക്കുമെന്ന് ലീഗ് നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി വള്ളിക്കുന്ന് എം.എൽ.എയെ തെരഞ്ഞടുത്തത്. നിലവിലെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ യു.എ ലത്തീഫ് എം.എൽ.എ മാറ്റി നിർത്തിയാണ് പി.അബ്ദുൽ ഹമീദ് മാസ്റ്റർക്ക് ഇരട്ട പദവി നൽകിയത്. അപ്പോഴും പാർട്ടി നയത്തിൽ മാറ്റമില്ലെന്നാവർത്തിക്കുകയാണ്സംസ്ഥാന നേതൃത്വം. മലപ്പുറം ജില്ലയിലെ സവിശേഷ സാഹചര്യമാണ് എം.എൽ.എയെ തന്നെ ജനറൽ സെക്രട്ടറിയാക്കിയതിന് പിന്നിലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു .
ജില്ലാ ജനറൽ സെക്രട്ടറിയാകാൻ എം.എൽ.എക്ക് പ്രത്യേക ഇളവ് നൽകിയത് സംസ്ഥാന കമ്മറ്റി പുനഃ സംഘടനയിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട് . അതേസമയം, പാണക്കാട് അബ്ബാസലി തങ്ങൾ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി തുടരും. ട്രഷററായി അഷ്റഫ് കോക്കൂർനെയും തെരഞ്ഞെടുത്തു . 7 വൈസ് പ്രെസിഡന്റുമാരും 6 സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി
.
Adjust Story Font
16