ഇന്തോനേഷ്യയിൽ തടവിലുള്ള മലയാളികളുടെ മോചനം നീളുന്നു; അധികൃതരുടെ കനിവ് കാത്ത് സിജിന്റെയും ജോമോന്റെയും കുടുംബം
വിദേശകാര്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും പലതവണ ബന്ധപ്പെട്ടിട്ടും ഇവരെ മോചിപ്പിക്കാൻ നടപടിയായിട്ടില്ല
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ രാജ്യാന്തര അതിർത്തി ലംഘിച്ചതിന് ഇന്തോനേഷ്യയിൽ തടവിലുള്ള മലയാളികളുടെ മോചനം നീളുന്നു. കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ ബോട്ടുടമ ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ ആശങ്കയിലാണ് തിരുവനന്തപുരം വെട്ടുതുറ സ്വദേശികളായ സിജിന്റേയും ജോമോന്റേയും കുടുംബങ്ങൾ. ആൻഡമാൻ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ സംഘത്തെ മാർച്ച് എട്ടിനാണ് ഇന്തോനേഷ്യൻ മറൈൻ അധികൃതർ പിടികൂടിയത്.
മൂന്ന് മലയാളികളും അഞ്ച് തമിഴ്‌നാട്ടുകാരും ഉൾപ്പടെ ഏട്ട് പേരാണ് ആൻഡമാനിൽ നിന്ന് പോയത്. സിജിനും ജോമോനും അടക്കം മൂന്ന് പേർ ഇപ്പോഴും തടവിലാണ്.
പ്രളയ കാലത്തെ രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായിരുന്നു മകൻ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് സിജിന്റെ അമ്മ മാർഗരീറ്റ. മൂന്ന് മാസമായി കണ്ണീര് തോർന്നിട്ടില്ല സിജിന്റെ അമ്മ മാർഗരീറ്റക്ക്. പ്രളയ കാലത്തെ രക്ഷാപ്രവർത്തനത്തിന് ലഭിച്ച അംഗീകാരങ്ങൾ ഒരുപാടുള്ള വീട്ടിൽ മകനെ തിരിച്ചെത്തിക്കാൻ ആരുമില്ലാതെ നിസ്സഹായാവസ്ഥയിലാണ് ഈ അമ്മ. സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് മകനെ ഇന്തോനേഷ്യക്കാർ പിടിച്ചു വെച്ചിരിക്കുയാണെന്ന് എന്ന് മാത്രമേ ഈ അമ്മക്ക് അറിയൂ. കടലിൽ മീനും പണിയും ഇല്ലാതായതോടെ കുടുംബം പോറ്റാൻ ആൻഡമാനിൽ പോയതാണ് സിജിൻ.
തുത്തൂർ സ്വദേശിയായ ബോട്ടുടമ മരിയ ജെസിൻ ദാസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതറിഞ്ഞതോടെ ജോമോന്റെ കുടുംബവും ഉറങ്ങിയിട്ടില്ല. സിജിനെ പോലെ തന്നെ പിഞ്ചു കുഞ്ഞും ഭാര്യയും മാതാപിതാക്കളും അടങ്ങുന്നതാണ് ജോമോന്റെ കുടുംബം.
വിദേശകാര്യമന്ത്രിയേയും സംസ്ഥാന സർക്കാരിനേയും പലതവണ ബന്ധപ്പെട്ടിട്ടും ഇവരെ മോചിപ്പിക്കാൻ നടപടിയായിട്ടില്ല. കഴിഞ്ഞ ദിവസം കനിമൊഴി എം.പിയുമായും തമിഴ്‌നാട് സർക്കാരുമായും നടത്തിയ ചർച്ചയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇരു കുടുംബങ്ങളും.
Adjust Story Font
16