പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്ക് ആശ്വാസം; വിജിലൻസ് എഫ്‌ഐആർ റദ്ദാക്കി ഹൈക്കോടതി
അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരായ കേസ്
കൊച്ചി: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്ക് ആശ്വാസം. വിജിലൻസ് എഫ്ഐആർ ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ച് റദ്ദാക്കി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരായ കേസ്.
എഫ്ഐആറിന്റെ തുടർനടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഷാജി കോഴ വാങ്ങിയെന്ന് തെളിഞ്ഞുവെന്നും എഫ്ഐആർ നിലനിൽക്കുമെന്നുമായിരുന്നു വിജിലൻസിന്റെ വാദം. എന്നാൽ, കൃത്യമായ തെളിവുകളില്ലെന്നും രാഷ്ട്രീയപരമായ നീക്കങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നുമാണ് ഷാജി ഹൈക്കോടതിയെ അറിയിച്ചത്.
നേരത്തെ വാദം കേൾക്കുമ്പോൾ തന്നെ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. തുടർന്ന് വിജിലൻസ് എഫ്‌ഐആർ താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഫ്ഐആർ റദ്ദാക്കിയിരിക്കുന്നത്.
കേസിൽ അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ പി.വി. പത്മനാഭനെയടക്കം പ്രതി ചേർത്തുകൊണ്ടാണ് വിജിലൻസ് അന്വേഷണം നടത്തിയത്. യു.ഡി.എഫ് ഭരണകാലത്ത് 2013-14ൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കോഴ വാങ്ങിയതിന് നിർണായക തെളിവുകളും ഷാജിക്കെതിരെ വിജിലൻസിന് ലഭിച്ചിരുന്നു. . ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് കോഴ വിവരം പുറത്തായത്. സി.പി.എമ്മുകാരനായ കണ്ണൂർ ബ്ലോക്ക് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Adjust Story Font
16