Quantcast

'സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ല'; പെരിന്തല്‍മണ്ണ വിധിയില്‍ നജീബ് കാന്തപുരം

വളരെ സന്തോഷമുണ്ട്. എപ്പോഴും ശുഭപ്രതീക്ഷയോടെ മാത്രം പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍

MediaOne Logo

Web Desk

  • Published:

    8 Aug 2024 5:36 AM GMT

najeeb kanthapuram
X

കോഴിക്കോട്: സത്യത്തെ ഒരിക്കലും കുഴിച്ചുമൂടാനാവില്ലെന്ന് നജീബ് കാന്തപുരം എം.എല്‍.എ.പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളിയതിനു പിന്നാലെ മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 348 പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയതിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി.എം മുസ്തഫ നൽകിയ ഹരജിയാണ് തള്ളിയത്. ആരോപണം തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

''വളരെ സന്തോഷമുണ്ട്. എപ്പോഴും ശുഭപ്രതീക്ഷയോടെ മാത്രം പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഇതെല്ലാം പാര്‍ട്ടി ഏല്‍പ്പിക്കുന്ന അസൈന്‍മെന്‍റുകളാണ്. ജനങ്ങള്‍ക്കു വേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തത്തോടു കൂടി ഏല്‍പ്പിക്കുന്ന കാര്യമാണ്. ഈ കേസിന്‍റെ മുഴുവന്‍ ഘട്ടങ്ങളിലും എന്‍റെ പാര്‍ട്ടിയും പാര്‍ട്ടിയുടെ പ്രിയപ്പെട്ട നേതാക്കന്‍മാരും അതുപോലെ തന്നെ ഞങ്ങളുടെ അഭിഭാഷകനായ കൃഷ്ണനുണ്ണി വക്കീലും എടുത്തിട്ടുള്ള വലിയൊരു ശ്രമമുണ്ട്. അതിന്‍റെ വിജയമാണ്. അതോടൊപ്പം സത്യമൊരിക്കലും കഴിച്ചുമൂടാന്‍ കഴിയില്ലയെന്ന ശുഭാപ്തി വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. കൂടുതല്‍ പ്രതിബദ്ധതയോടുകൂടി പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ക്കുവേണ്ടി പരിശ്രമിക്കാനും അവര്‍ക്കുവേണ്ടി ആത്മാര്‍ഥമായി ഇതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമായും ഉത്തരവാദിത്തത്തോടും ഏറ്റെടുത്ത് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുമുള്ള ഒരു എനര്‍ജിയായിട്ടാണ് ഞാനീ വിധിയെ കാണുന്നത്. ഏറെ സന്തോഷമുണ്ട്'' നജീബ് പറഞ്ഞു.

''മുസ്‍ലിം ലീഗിന്‍റെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പ്രാര്‍ഥനയാണ് എന്‍റെ വിജയത്തിന് എന്നും നിതാനമായിട്ടുള്ളതെന്ന് വിശ്വസിക്കുന്നു. ഇത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും മുനറവ്വലി ശിഹാബ് തങ്ങളുമടക്കമുള്ള എന്‍റെ നേതാക്കന്‍മാര്‍ കേസിന്‍റെ ഓരോ ഘട്ടത്തിലും നല്‍കിയിട്ടുള്ള വലിയ പിന്തുണ ഞാന്‍ ഏറെ സ്നേഹത്തോടെ സ്മരിക്കുകയാണ്. ഒരിക്കലും നിരാശപ്പെടുന്ന പ്രശ്നമോ അമിതമായി ആഹ്ളാദിക്കുകയോ ഇല്ല. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എം.എല്‍.എ പദവിയെ ഒരു അസൈന്‍മെന്‍റ് മാത്രമായിട്ടാണ് കണ്ടത്. അതെത്ര കാലം എന്‍റെ കയ്യിലുണ്ടോ അത്ര കാലം ജനങ്ങള്‍ക്കുവേണ്ടി ആ ഉത്തരവാദിത്തം നിറവേറ്റാന്‍ ശ്രമിക്കും. പെരിന്തല്‍മണ്ണയിലെ ജനങ്ങളുടെ സ്നേഹം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. തുല്യതയില്ലാത്ത സ്നേഹമാണ് അവര്‍ എനിക്ക് നല്‍കിയത്'' നജീബ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story