കാരണം കാണിക്കൽ നോട്ടീസും തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി; സിസാ തോമസിന് ആശ്വാസം
സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി
സിസ തോമസ്
കൊച്ചി: സാങ്കേതിക സർവകലാശാല മുൻ വിസി സിസാ തോമസിന് ആശ്വാസം. സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസും തുടർനടപടികളും ഹൈക്കോടതി റദ്ദാക്കി. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
സർക്കാരിന്‍റെ അനുമതി ഇല്ലാതെ വൈസ് ചാൻസലർ പദവി ഏറ്റെടുത്തതതിനാണ് സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ ഈ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിസ തോമസിന് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസും തുടർനടപടിയും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർക്കാരിന്‍റെ പ്രതികാര നടപടികൾ സർവീസിനെയും ആനുകൂല്യങ്ങളെയും ബാധിച്ചുവെന്നായിരുന്നു സിസ തോമസിന്‍റെ വാദം.
കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സിസ തോമസ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ നോട്ടീസ് റദ്ദാക്കാൻ ട്രൈബ്യൂണൽ വിസമ്മതിക്കുകയും തുടർനടപടികളുമായി മുന്നോട്ട് പോകാൻ സർക്കാരിന് അനുവാദം നൽകുകയും ചെയ്തു. ഈ ഉത്തരവും ജസ്റ്റിസ് മുഹമ്മദ് മുസ്താഖും ശോഭ അന്നമ്മ ഈപ്പനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.ട്രിബ്യൂണൽ ഉത്തരവിന് പിന്നാലെ റിട്ടയർ ചെയ്യുന്ന ദിവസം സർക്കാർ സിസ തോമസിന് മെമ്മോ നൽകിയിരുന്നു. കോടതി ഉത്തരവോടെ മെമ്മോയും റദ്ദാകും.
Adjust Story Font
16