കെ.പി.സി.സി അംഗങ്ങളുടെ പട്ടിക: സമുദായ സന്തുലനം പാലിച്ചില്ലെന്ന് പരാതി
പത്തനംതിട്ടയിൽ ഒരു സമുദായത്തെ പൂർണമായും തഴഞ്ഞതായി മുൻ നഗരസഭാ അധ്യക്ഷ അജീബ എം സാഹിബ്
പത്തനംതിട്ട: കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ സമുദായ സന്തുലനം പാലിച്ചില്ലെന്ന് പരാതി. പത്തനംതിട്ടയിൽ നിന്നുള്ള അംഗങ്ങളെ നിശ്ചയിച്ചപ്പോൾ ഒരു സമുദായത്തെ പൂർണമായും തഴഞ്ഞതായി മുൻ നഗരസഭാ അധ്യക്ഷ അജീബ എം സാഹിബ് ആരോപിച്ചു.
കഴിഞ്ഞ ഇരുപത് വർഷമായി ഇതാണ് അവസ്ഥയെന്നും രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അജീബ എം സാഹിബ് പറഞ്ഞു.
"താൻ മുമ്പ് കെ.മുരളീധരൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് പത്തനംതിട്ടയിൽ നിന്ന് കെപിസിസി ഭാരവാഹി ആയതിന് ശേഷം ഒരാൾക്ക് പോലും മുസ്ലിം സമുദായത്തിൽ നിന്നും അവസരം നൽകിയിട്ടില്ലെന്നത് തികച്ചും വിവേചനപരമാണ്. ഇതിന് മുമ്പും ഇത്തരത്തിൽ അവഗണനകൾ നേരിട്ടതും നേതാക്കൾക്ക് മുന്നിൽ കാര്യം അവതരിപ്പിച്ചതുമാണ്. എന്നാൽ നടപടിയായില്ല. ഇത് മനപൂർവ്വം സംഭവിക്കുന്നതാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പരാതിയുമായി രാഹുൽ ഗാന്ധിയെ സമീപിക്കാനാണ് തീരുമാനം". അജീബ കൂട്ടിച്ചേർത്തു.
നാളെ കെപിസിസിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പിനായുള്ള ജനറൽ ബോഡി യോഗം നടക്കാനിരിക്കേയാണ് പട്ടിക പുറത്തു വന്നത്. നേരത്തേ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം വേണ്ടത്ര ഇല്ല എന്ന് കാട്ടി തിരിച്ചയച്ചിരുന്നു. പിന്നീട് പുതുമുഖങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടിക പുനക്രമീകരിച്ചത്. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
Adjust Story Font
16