Quantcast

ഇരിക്കുന്ന സ്ഥാനം ഓർക്കണം; എംപിമാരുടെ പാർലമെന്റ് മാർച്ചിനെ വിമർശിച്ച് മുഖ്യമന്ത്രി

വ്യാഴാഴ്ച രാവിലെ നടന്ന മാർച്ചിനു നേരെ പൊലീസ് പൊലീസ് നടപടിയുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-24 13:14:25.0

Published:

24 March 2022 1:00 PM GMT

ഇരിക്കുന്ന സ്ഥാനം ഓർക്കണം; എംപിമാരുടെ പാർലമെന്റ് മാർച്ചിനെ വിമർശിച്ച് മുഖ്യമന്ത്രി
X

ന്യൂഡൽഹി: കെ റെയിൽ വിഷയത്തിൽ യുഡിഎഫ് എംപിമാർ നടത്തിയ പാർലമെന്റ് മാർച്ചിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാർ ഇരിക്കുന്ന സ്ഥാനം ഓർക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

'നമ്മൾ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചാണ് കാര്യങ്ങൾ നിർവഹിക്കേണ്ടത്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാഴാഴ്ച രാവിലെ നടന്ന മാർച്ചിനു നേരെ പൊലീസ് നടപടിയുണ്ടായിരുന്നു. തങ്ങളെ കൈയേറ്റം ചെയ്‌തെന്നാണ് എംപിമാരുടെ ആരോപണം.

എംപിമാരെ കയ്യേറ്റം ചെയ്തത് ഗൗരവമേറിയ പ്രശ്‌നമാണെന്നു ലോക്സഭ സ്പീക്കർ ഓം ബിർള പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് റിപ്പോർട്ട് തേടുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വ്യക്തമാക്കി.

പൊലീസിന്റെ അതിക്രമം ജനാധിപത്യ ലംഘനമാണെന്നും തങ്ങളെ സംഘടിതമായി പൊലീസ് അക്രമിക്കുകയായിരുന്നുവെന്നും എംപിമാർ തുറന്നടിച്ചു. കേരളത്തിലെ നാടകത്തിന്റെ തനിയാവർത്തനമാണ് ഡൽഹിയിൽ നടന്നത് എന്നാണ് കെ മുരളീധരൻ എംപി ആരോപിച്ചത്. പൊലീസിന്റേത് പച്ചയായ ഗുണ്ടായിസമാണെന്നും സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പൊലീസ് കയ്യേറ്റം ചെയ്തതെന്നും രമ്യഹരിദാസ് എംപി പറഞ്ഞു.

'കേന്ദ്രത്തിന് അനുഭാവപൂർണമായ നിലപാട്'

കെ റെയിൽ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യകരമായ ചർച്ച നടന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടു. എന്താണ് ചെയ്യാൻ കഴിയുകയെന്ന് ആലോചിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാകാൻ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. അനുഭാവപൂർവമായ സമീപനമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. അക്കാര്യത്തിൽ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കെ റെയിൽ പദ്ധതിയെ എതിർക്കുന്ന ചിലരുണ്ടല്ലോ. അവരും യാത്ര വേഗത്തിൽ വേണമെന്ന് അഭിപ്രായം ഉള്ളവർ തന്നെയാണ്. വേഗതയും സുരക്ഷയും അതിപ്രധാനമാണ്. കേരളത്തിൽ ഗതാഗതത്തിന് അധികസമയം വേണ്ടിവരുന്നു. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനം വേണം. പദ്ധതികൾ യഥാസമയം നടപ്പാക്കിയില്ലെങ്കിൽ ചെലവ് വർധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗതാഗതം സുഗമമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യന്ത്രി വിശദീകരിച്ചു. തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണ്. യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കും. കേരളത്തെ കാർബൺ മുക്ത സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിനുതകുന്നത് റോഡ് വഴിയുള്ള ഗതാഗത സംവിധാനമല്ല. സിൽവർലൈൻ വരുന്നതോടെ റോഡുകളിലെ വാഹനങ്ങൾ കുറയും. 63,941 കോടി രൂപയാണ് സിൽവർ ലൈൻ പദ്ധതിയുടെ ചെലവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള സർവെ ആണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ സർവേ കൊണ്ട് ആർക്കും ഒരു നഷ്ടവും സംഭവിക്കില്ല. സാമൂഹിക ആഘാത പഠനത്തിനു ശേഷം ഭൂമി നഷ്ടപ്പെടുന്നവരെ കണ്ടെത്തി നഷ്ടപരിഹാരം നൽകും. അതിന് ശേഷമേ ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കൂ. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും സർക്കാർ ഉറപ്പാക്കും. കേരളത്തിൻറെ വികസനത്തിന് ഏറെ സഹായകരമായ പദ്ധതിയെ പ്രതിപക്ഷം എതിർക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. എല്ലാം ജനങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഒരു വികസനവും നാട്ടിൽ നടക്കാൻ പാടില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഗെയിൽ, ദേശീയപാത പദ്ധതികളെ എതിർത്തവരെ ജനങ്ങൾ തന്നെ ഒറ്റപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷം മറയില്ലാതെ രംഗത്തിറങ്ങുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആസൂത്രിതമായ വ്യാജ പ്രചാരണം നടത്തുന്നു. ഏതാനും മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുന്നു. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങൾ എപ്പോഴും സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണം. സ്വാർഥ ചിന്താഗതി കാരണം നാടിൻറെ പുരോഗതിക്ക് തടയിടരുത്. വികസനം നടപ്പിലാക്കുമ്പോൾ ജനങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ടാകും. അവർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TAGS :

Next Story